കൊച്ചിയില്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; 17കാരന്‍ പിടിയില്‍

ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചേരാനല്ലൂരില്‍ പുലര്‍ച്ചെയാണ് സംഭവം.

തട്ടുകട നടത്തുന്ന ജയപാലകൃഷ്ണന്‍ ആണ് മരിച്ചത്. ഇദ്ദേഹം കട അടച്ച്‌ അരിയും മറ്റു സാധനങ്ങളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഈ വേളയിലാണ് അമിത വേഗതയില്‍ വന്ന കാര്‍ പിന്നില്‍ ഇടിച്ചുതെറിപ്പിച്ചത്. അരി റോഡില്‍ മീറ്ററുകളോളം ചിതറിയിട്ടുണ്ട്.

നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച്‌ മൂന്നുപേര്‍ മരിച്ച അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പുതിയ സംഭവം. തന്റെ മകന്‍ ആദ്യമായിട്ടാണ് കാര്‍ എടുക്കുന്നത് എന്ന് ജഡ്ജിയും ഒപ്പമുള്ളവരും പറഞ്ഞുവെന്ന് മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ലൈസന്‍സില്ലാത്ത വ്യക്തി, പ്രായപൂര്‍ത്തിയാകാത്ത വ്യക്തി, അമിത വേഗതയില്‍ ഓടിച്ചു… നിയമലംഘനമാണ് നടന്നതെന്നും അവര്‍ പറഞ്ഞു.

ഇരിങ്ങാലക്കുട അഡീഷനല്‍ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ മകനാണ് കസ്റ്റഡിയിലുള്ളത് എന്ന് ചേരാനല്ലൂര്‍ പോലീസ് അറിയിച്ചു. കാര്‍ ജഡ്ജിയുടെ പേരിലാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ സംഭവസ്ഥലത്ത് മാറ്റി. തെളിവ് നശിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് ജയപാലകൃഷ്ണന്റെ ബന്ധുക്കള്‍ പറഞ്ഞു. ജഡ്ജി തട്ടിക്കയറിയാണ് സംസാരിച്ചതെന്നും അവര്‍ പറയുന്നു. 100 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കണം എങ്കില്‍ മദ്യപിച്ചിട്ടുണ്ടാകണം എന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.