പശ്ചിമ ബംഗാളില്‍ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങള്‍ക്കുനേരെ ആക്രമണം നടന്നെന്ന പരാതിയില്‍ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്.
മേദിനിപ്പൂരിലെ പട്ലാപൂർ ഗ്രാമത്തിലാണ് സംഭവം. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങാൻ കുടുംബങ്ങളെ നിർബന്ധിച്ചതായും വീടുകളില്‍ അതിക്രമിച്ചുകയറി മർദിച്ചതായും പരാതിയില്‍ പറയുന്നു.
ഏകദേശം ഒന്നര വർഷം മുൻപ് ക്രിസ്തുമതം സ്വീകരിച്ച കുടുംബങ്ങളാണ് ആക്രമണത്തിനിരയായത്. ബജ്റംഗ്ദളുമായി ബന്ധമുള്ള സംഘം വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ മർദിക്കുകയും ചെയ്തതായാണ് ആരോപണം. ഘർവാപസി എന്ന പേരില്‍ മതംമാറ്റത്തിന് നിർബന്ധിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 30 വർഷമായി പ്രദേശത്ത് താമസിക്കുന്നവരാണ് ഈ മൂന്ന് കുടുംബങ്ങളും.
ആക്രമണത്തിനിടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തതായി പരാതിക്കാർ ആരോപിച്ചു. ഒരു സ്ത്രീ ബോധരഹിതയായതായും സ്ത്രീകളെ വിവസ്ത്രരാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കുന്നതില്‍നിന്ന് കുടുംബങ്ങളെ സംഘം വിലക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ്രകോണ പൊലീസ് വധശ്രമം, സ്ത്രീകളെ അപമാനിക്കല്‍, കവർച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. പശ്ചിമ ബംഗാളില്‍ 2026 മേയ് 13 മുതല്‍ സെപ്റ്റംബർ 20 വരെ 13 ജില്ലകളിലായി 60 ആക്രമണങ്ങള്‍ നടന്നതായും അദ്ദേഹം കത്തില്‍ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.




