ഫ്രാൻസില്‍ രണ്ടാംഘട്ട പ്രതിഷേധം; 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു, നഗരങ്ങളില്‍ നിയന്ത്രണം

പാരീസ്: സർക്കാർ വിരുദ്ധ പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഫ്രാൻസില്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.

പാരീസ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളും അടച്ചു. പ്രതിഷേധക്കാരില്‍നിന്ന് ഗ്യാസ് മാസ്കുകളും ആയുധങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. കവർച്ച തടയാൻ കടകളുടെ മുൻഭാഗങ്ങള്‍ മറച്ചതായും പ്രധാന സമരകേന്ദ്രങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായും വിവരമുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നേരത്തേ അടച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്‍കി.
ഫ്രാൻസിലെ നൂറോളം കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് പ്രസ്ഥാനവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർഥികളും തൊഴിലാളി സംഘടനകളും പങ്കെടുക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങള്‍ എത്തുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍.

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിഷേധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. അതേസമയം, പാരീസില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറീൻ ലെ പെൻ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുമെന്നും വിവരമുണ്ട്.