ചെന്നൈ: നഴ്സായ യുവതിയെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്ന കേസില്‍ സഹപ്രവർത്തകൻ അറസ്റ്റില്‍. തിരുപ്പൂർ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ശരവണൻ (23) ആണ് പിടിയിലായത്.
ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രാമനാഥപുരം സ്വദേശിനി ഉത്തര (26) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 15നായിരുന്നു സംഭവം.
ഒക്ടോബർ 15 മുതല്‍ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെ ഒക്ടോബർ 17ന് വിജയമംഗലം ടോള്‍ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉത്തരയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണത്തില്‍ സഹപ്രവർത്തകനായ ശരവണനിലേക്ക് സംശയം നീളുകയും തുടർന്നുള്ള അന്വേഷണത്തിനൊടുവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്വർണം കവർന്നെടുക്കാനാണ് ഉത്തരയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവദിവസം ശരവണൻ ഉത്തരയെ ബൈക്കില്‍ കയറ്റി വിജയമംഗലം ടോള്‍ഗേറ്റിന് സമീപത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം നാലുപവന്റെ താലിമാല കവർന്നെന്നാണ് കേസ്. മോഷ്ടിച്ച സ്വർണമാല പ്രതിയില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ശരവണനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
നഴ്സിന്റെ കൊലപാതകം തമിഴ്നാട്ടില്‍ രാഷ്ട്രീയവിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.
ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് പേരില്‍ മാത്രമാണെന്നും സംസ്ഥാനത്ത് ആവർത്തിക്കുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികള്‍ നടത്തുന്ന ലഹരിവേട്ടകളും പൊലീസ് വകുപ്പില്‍ അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നുമാണ് സ്റ്റാലിന്റെ വിമർശനം. ‘ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ’ എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ആദ്യം വിശ്രമം അവസാനിപ്പിച്ച് സ്വന്തം വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.




