വധശ്രമ കേസിൽ വീണ ജോർജിന് തിരിച്ചടി; ഗൺമാൻ മൊഴി തിരുത്തി

കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ നിർണ്ണായക വഴിത്തിരിവായി ഗണ്‍മാന്റെ തിരുത്തല്‍ മൊഴി.

സംഭവത്തില്‍ കെ.എസ്.യു. പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നല്‍കിയത് വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് ഗണ്‍മാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് പുതിയ മൊഴി നല്‍കി. മന്ത്രിയെ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗണ്‍മാൻ മൊഴിമാറ്റിയിട്ടുണ്ട്.

കെ.എസ്.യു. പ്രവർത്തകരായ എം.സി. അതുല്‍, വി.വി. അക്ഷയ് എന്നിവരുള്‍പ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി ആക്രമിച്ചെന്നായിരുന്നു അഭിലാഷിന്റെ ആദ്യ മൊഴി. എന്നാല്‍ മുൻമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ വ്യാജമൊഴി നല്‍കിയതെന്ന് വ്യക്തമാക്കിയതോടെ കേസിലെ വധശ്രമ ആരോപണത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. അതേസമയം, ആദ്യഘട്ടത്തില്‍ വ്യാജമൊഴി നല്‍കുകയും പിന്നീട് അത് തിരുത്തുകയും ചെയ്ത നടപടിയില്‍ പോലീസുകാരനായ അഭിലാഷിനെതിരെ നിയമനടപടി സ്വീകരിക്കാൻ എസ്.ഐ.ടി. ആലോചിക്കുന്നുണ്ട്.

കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും, വധശ്രമം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സംഭവസമയത്ത് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും വധശ്രമമെന്ന ആരോപണത്തെ ശരിവെക്കുന്നതല്ല. പ്രതിഷേധക്കാരുടെ കൈകളില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്നും നേരത്തെ വ്യക്തമായിരുന്നു.

2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ വീണാ ജോർജിന് നേരെ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നത്. തുടർന്ന് കെ.എസ്.യു. പ്രവർത്തകരായ എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലൻ, സി.എച്ച്‌. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റെന്ന പരാതിയിലാണ് റെയില്‍വേ പോലീസ് വധശ്രമ വകുപ്പ് ചുമത്തിയത്. കേസില്‍ പ്രതികളായ കെ.എസ്.യു. പ്രവർത്തകർ കണ്ണൂർ സബ് ജയിലില്‍ 16 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.