നാഗ്പുർ: മതം മാറാൻ നിർബന്ധിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കല് അല്ലെന്നു ബോംബെ ഹൈക്കോടതി.
ദമ്പതികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്കു മാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് നാലു പേർക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികള് അവരുടെ മതം പ്രചരിപ്പിക്കുക മാത്രമാണു ചെയ്തതെന്നും രാജ്യത്തെ ഏതെങ്കിലും വിഭാഗം ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിയില് ചൂണ്ടിക്കാട്ടി. ഹിന്ദുമതത്തില്നിന്നു ക്രിസ്തുമതത്തിലേക്കു മാറിയാല് ദമ്പതികള്ക്ക് മാസംതോറും പണം നല്കാമെന്നും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാമെന്നും വീട് നല്കാമെന്നും പ്രതികള് വാഗ്ദാനം ചെയ്തതായി ഹർജിയില് ആരോപിച്ചിരുന്നു.
ദമ്പതികളെ ഹിന്ദുമതത്തില്നിന്നു ക്രിസ്തുമതത്തിലേക്കു മാറാൻ നിർബന്ധിച്ചു എന്നതു മാത്രമാണ് പ്രതികള്ക്കെതിരായ ആരോപണം. അവരുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവില് ജസ്റ്റീസ് എം.ഡബ്ല്യു. ചന്ദ്വാനി വ്യക്തമാക്കി.




