ന്യൂഡൽഹി: പഞ്ചാബിലെ വോട്ടർപട്ടികയിൽ ഏകദേശം 20 ലക്ഷം പേരുടെ കുറവുണ്ടായെന്ന ആരോപണമടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നൽകി.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആർ., ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷാഫോമിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളാണ് അദ്ദേഹം ഉന്നയിച്ചത്. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം. എം.പി. ജോൺ ബ്രിട്ടാസും ചീഫ് ജസ്റ്റിസിനെ സമീപിച്ചു.
ഒക്ടോബർ 11-നാണ് ഇരുവരും നിവേദനങ്ങൾ നൽകിയത്. തുടർന്ന് ഒക്ടോബർ 12-ന് ഇവ ബന്ധപ്പെട്ട കേസിന്റെ ഭാഗമാക്കുന്നതിനായി ഔപചാരിക അപേക്ഷകളായി സമർപ്പിക്കാൻ സുപ്രീംകോടതി രജിസ്ട്രി നിർദേശിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
2027-ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ വോട്ടർപട്ടികയിൽ ഉണ്ടായ മാറ്റങ്ങളിലാണ് രാഹുൽ ഗാന്ധി പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്. 2026 ജൂണിൽ സംസ്ഥാനത്ത് 2.14 കോടി വോട്ടർമാരുണ്ടായിരുന്നുവെന്നും ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഇത് 1.93 കോടിയായി കുറഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ നിവേദനത്തിൽ പറയുന്നത്. ഏകദേശം 20 ലക്ഷം പേരുടെ കുറവാണ് ഇതിലൂടെ ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 12-ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
വോട്ടർപട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ അർഹരായ വോട്ടർമാർക്ക് പട്ടികയിൽ ഇടം ലഭിക്കാതെ പോകാനുള്ള സാധ്യതയുണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ആശങ്ക. പഞ്ചാബിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രശ്നങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ആറാം നമ്പർ അപേക്ഷാഫോമിൽ വരുത്തിയ മാറ്റങ്ങളും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു.
അപേക്ഷകനോ ബന്ധുക്കളോ മുമ്പ് നടത്തിയ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിൽ ഉൾപ്പെട്ടിരുന്നോ എന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ആവശ്യപ്പെടുന്നതാണ് ഈ മാറ്റങ്ങളിലൊന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ വോട്ടർമാർക്കും ആദ്യമായി വോട്ട് ചെയ്യാൻ അർഹത നേടുന്നവർക്കും ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അർഹരായവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടാതെ പോകാൻ ഇടയാക്കുമെന്നും അദ്ദേഹം വാദിച്ചു. ഒക്ടോബർ അഞ്ചിന് സുപ്രീംകോടതി നൽകിയ വിശദീകരണത്തിൽ പരിഷ്കരിച്ച ആറാം നമ്പർ ഫോമിന് അംഗീകാരം നൽകിയിട്ടില്ലെന്ന കാര്യവും അദ്ദേഹം പരാമർശിച്ചതായി റിപ്പോർട്ടിലുണ്ട്.
രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചു.
എസ്.ഐ.ആർ. നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണമെന്നാണ് ആവശ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന കമ്മീഷന്റെ കൂട്ടായ അധികാരം എസ്.ഐ.ആർ. നടപടിയിൽ ഏകപക്ഷീയമായി ഉപയോഗിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
2025 ഫെബ്രുവരിയിൽ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിനുള്ള സമിതിയുടെ യോഗത്തിൽ താൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും രാഹുൽ ഗാന്ധി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമല്ല നിവേദനത്തിലുള്ളതെന്നും ഗുരുതരമായ ആരോപണങ്ങൾ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനും ഉപയോഗിക്കുന്ന ഇസിനറ്റ് എന്ന കേന്ദ്രീകൃത സാങ്കേതിക സംവിധാനത്തിന്റെ പ്രവർത്തനത്തിലും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.
1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 13ബി വകുപ്പ് പ്രകാരം വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സോഫ്റ്റ്‌വെയറിലൂടെയോ സാങ്കേതിക സംവിധാനങ്ങളിലൂടെയോ അവരുടെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ പാടില്ലെന്നാണ് വാദം. വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ തെറ്റായി നീക്കം ചെയ്യപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇലക്ട്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, നയങ്ങൾ, നടപടിക്രമങ്ങൾ, സാങ്കേതിക രൂപകൽപ്പന, പ്രവർത്തനരീതി എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും രാഹുൽ ഗാന്ധി
ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമാണെന്ന് ഉറപ്പുനൽകുന്ന സംവിധാനങ്ങൾ നിലവിലുണ്ടാകണം. തിരഞ്ഞെടുപ്പ് നീതിപൂർവമാണെന്ന് സാധാരണ വോട്ടർമാർക്കും ബോധ്യപ്പെടണമെന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇ.വി.എം. സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സാങ്കേതിക സംവിധാനങ്ങളും ആഗോളതലത്തിൽ പിന്തുടരുന്ന മികച്ച രീതികളുമായി താരതമ്യം ചെയ്ത് പരിശോധിക്കണമെന്നാണ് ആവശ്യം.
അതേസമയം, ഒക്ടോബർ 10-ന് ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസും ചീഫ് ജസ്റ്റിസിനെ സമീപിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരുമായി സമാധാനപരമായി സംസാരിച്ചുകൊണ്ടിരിക്കെ പോലീസിന്റെ ആക്രമണത്തിന് ഇരയായെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെയും ജോൺ ബ്രിട്ടാസിന്റെയും നിവേദനങ്ങൾ ബന്ധപ്പെട്ട കേസിന്റെ ഭാഗമാക്കുന്നതിനായി ഔപചാരിക അപേക്ഷകളായി സമർപ്പിക്കാനാണ് സുപ്രീംകോടതി രജിസ്ട്രി നിർദേശിച്ചത്.




