അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കര്‍ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്.

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ അണ് അപകടം ഉണ്ടാക്കിയത്. ഇന്ന്( ഞായറാഴ്ച )പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുകയായിരുന്ന മൂന്ന് സ്കൂട്ടർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന് ശേഷം കാർ നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും, വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.