
പാസ്റ്റർ ഫിലിപ്പ് പി തോമസ് ചെറിയാച്ചായനെ ഓർക്കുന്നു
കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ കെ .കെ .ചെറിയാച്ചായനെക്കുറിച്ച് ,ഒരു വാചകം പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ ഇങ്ങനെ പറയും ; ‘നിലപാടുകൾ ഉള്ള ,നിലപാടിൽ ഉറച്ചു നിന്ന ഒരു ധീരൻ ആയിരുന്ന വചന പ്രഭാഷകൻ’ .
അദ്ദേഹം ഞങ്ങളുടെ (ആലപ്പുഴ) സെൻറർ പാസ്റ്റർ ആയി വന്ന കാലം മുതലാണ് പരിചയം .എന്നെ സാംകുട്ടിയെന്ന് വിളിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം .ഇപ്പോൾ അങ്ങനെ വിളിക്കുന്നത് പാസ്റ്റർ .ഏബ്രഹാം ജോർജാണ് .അത് എനിക്ക് ഏറെ ഇഷ്ടവുമാണ് .എൻ്റെ പിതാവിൻ്റെ ആത്മാർത്ഥ സ്നേഹിതനായിരുന്നു ചെറിയാചായൻ .കരുവാറ്റാ ബൈബിൾ കോളജിലെ പ്രഗൽഭ
നായ അദ്ധ്യാപകനുമായിരുന്നു .ദൈവവചനം കലർപ്പില്ലാതെ യാതൊരു വിട്ടുവീഴ്ചയുംഇല്ലാതെ ,മുഖം നോക്കാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു .
വിശുദ്ധിക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ സിംഹ ഗർജനം പോലെ മുഴങ്ങിയപ്പോൾ ചിലർക്ക് ചാട്ടവാറടി പോലെ തോന്നാതിരുന്നില്ല .കാർക്കശ്യമായ നിലപാടുകൾ മൂലം ചില സ്ഥലങ്ങളിൽ നിന്നും വിട്ടു പോരേണ്ടി വന്നിട്ടുണ്ട് .പിടിച്ചു നിൽക്കാൻ വേണ്ടി നിലപാടുകളിൽ അയവു വരുത്തുകയോ അടവുകൾ പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. അധികാര വടംവലികളിൽ അദ്ദേഹത്തിന് താൽപര്യം ഇല്ലായിരുന്നു .
അവസാന കാലങ്ങളിൽ അദ്ദേഹത്തിനെതിരായി ഉണ്ടായ കോടതി കേസുകൾ അദ്ദേഹത്തെ വളരെ വേദനിപ്പിച്ചിരുന്നു .അദ്ദേഹം വളർത്തിയവർ തന്നെ ഒളിഞ്ഞിരുന്ന് തളർത്തി .പ്രസ്ഥാനത്തിൽ നിന്നും അർഹമായ പരിഗണന അവസാന വർഷങ്ങളിൽ ലഭിച്ചില്ലാ
യെന്ന് പലരും പരാതിപ്പെടുന്നുണ്ട് .പദവിനോക്കാതെ ,പ്രവർത്തിനോക്കി പ്രതിഫലം കൊടുക്കുന്ന നീതിമാനായ ദൈവം അദ്ദേഹത്തിന് സ്വർഗീയ പ്രതിഫലം നൽകി മാനിക്കും .
കൈതമറ്റം സഭയുടെ ജൂബിലി യോഗത്തിലാണ് ഞങ്ങൾ ഒരുമിച്ച് അവസാനം ശുശ്രൂഷിച്ചത് .മലയാളി പെന്തക്കോസ്തുകാർക്ക് ഒരു വചന പ്രഭാഷകനെ നഷ്ടമായി .നീതി സൂര്യൻ്റെ പ്രത്യക്ഷതയെ വിളംബരം ചെയ്ത ചെറിയാച്ചായൻ നീതി സൂര്യൻ്റെ സന്നിധിയിൽ സന്തോഷിക്കുന്നു .ഒരു തലമുറയെ സത്യത്തിൻ്റെ പാതയിൽ നയിച്ച ദൈവദാസനെ ഓർത്ത് അഭിമാനിക്കുന്നു .ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ .




