കീവ് : കരിങ്കടലിൽ ധാന്യവുമായി പോവുകയായിരുന്ന തുർക്കിയുടെ ഉടമസ്ഥതയിലുള്ള സിവിലിയൻ കപ്പലിനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ കൊല്ലപ്പെട്ടു. കപ്പലിൽ ഇന്ത്യൻ, അസർബൈജാൻ പൗരന്മാരും ഉണ്ടായിരുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. കാണാതായ മറ്റൊരു ജീവനക്കാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രാജ്യാന്തര ജലാതിർത്തിയിൽ വച്ചാണ് കപ്പലിനു നേരെ റഷ്യയുടെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയത്.
റഷ്യയുടെ നടപടിയെ ശക്തമായി അപലപിച്ച സെലൻസ്കി, കരിങ്കടലിലെ സുരക്ഷ ഉറപ്പാക്കാൻ യുക്രെയ്ൻ മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളെല്ലാം തള്ളിക്കളഞ്ഞ് റഷ്യ ഭീകരതയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന് എക്സിൽ കുറിച്ചു. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു.
യുക്രെയ്നിലെ സുമി പ്രവിശ്യയിലുള്ള ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ വെയർഹൗസിനു നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ 52 വയസ്സുകാരനായ ജീവനക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനുപുറമെ ഡിനിപ്രോയിലെ കമ്യൂണിക്കേഷൻ കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റിരുന്നു.




