കോംഗോയിൽ ബോട്ട് മറിഞ്ഞ് 41 മരണം; നിരവധി പേരെ കാണാനില്ല

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ബോട്ട് മറിഞ്ഞ് 41 മരണം.അപകടത്തില്‍ നിന്ന് 49 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ടാന്‍ഗനിക പ്രവിശ്യയിലെ കായലിലാണ് അപകടമുണ്ടായത്. ഏകദേശം നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ഡിആര്‍സിയിലെ മാപേരയ്ക്ക് അടുത്ത് വെച്ചാണ് മറിഞ്ഞത്. ടാന്‍സാനിയയിലെ കിഗോമ തുറമുഖത്ത് നിന്ന് ഡിആര്‍സിയിലെ കാലെമി നഗരത്തിലേക്ക് പോകുകയായിരുന്നു ബോട്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെ യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതായി കണ്ടെന്ന് രക്ഷപ്പെട്ട യുവതി ഡിആര്‍സിയിലെ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 28ന് കിഗോമ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ കോംഗോളിയന്‍ കപ്പലായ എംവി പസഫിക്ക് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ആറ് ക്രൂ അംഗങ്ങളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ജൂലൈയില്‍ സെന്‍ട്രല്‍ ഡിആര്‍സിയില്‍ വിദ്യാര്‍ത്ഥികളുമായി മടങ്ങിയ ഒരു ബോട്ട് മുങ്ങി 20 പേരാണ് മരിച്ചത്.

അസോസിയേറ്റഡ് പ്രസിന്റെ കണക്കനുസരിച്ച് സമീപ വര്‍ഷങ്ങളില്‍ ഡിആര്‍സിയില്‍ ബോട്ട് അപകടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോട്ടുകള്‍ പലപ്പോഴും അമിതഭാരമുള്ളവയാണ്. മാത്രമല്ല ലൈഫ് ജാക്കറ്റുകള്‍ ഇവര്‍ നല്‍കാറില്ലെന്നാണ് റിപ്പോര്‍ട്ട്. ഡിആര്‍സിയിലെ താരതമ്യേന ചിലവ് കുറഞ്ഞ യാത്രാ മാര്‍ഗമായ ബോട്ടുകളെയാണ് ജനങ്ങള്‍ പൊതുഗതാഗതത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നത്.