മാസപ്പടി കേസ്: ഡയറി തിരിച്ചടിയായി; BJP നേതൃത്വം പ്രതിരോധത്തില്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഷോണ്‍ ജോർജ് പുറത്തുവിട്ട മുൻ സി.എം.ആർ.എല്‍ എം.ഡിയുടെ ഡയറിയിലെ പരാമർശങ്ങള്‍ രാഷ്ട്രീയമായി തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബി.ജെ.പി.

ഡയറിയിലെ പുതിയ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പാർട്ടി തല്‍ക്കാലം പിന്മാറി.

യു.ഡി.എഫ് – എല്‍.ഡി.എഫ് നേതാക്കളുടെ പേരുകള്‍ക്ക് പുറമേ ബി.ജെ.പി നേതാക്കളുടെ പേരുകളും ഡയറിയിലുണ്ടെന്ന വാർത്തകള്‍ പുറത്തുവന്നതാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. ഷോണ്‍ ജോർജിന്റെ ഏകപക്ഷീയമായ വെളിപ്പെടുത്തലില്‍ ബി.ജെ.പി വൃത്തങ്ങള്‍ക്ക് കടുത്ത അമർഷമുണ്ട്.

ഈ അപ്രതീക്ഷിത തിരിച്ചടി മറികടക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ മകള്‍ വീണ വിജയനെയും മാത്രം കേന്ദ്രീകരിച്ച്‌ ആക്രമണം കടുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിലെ പരാമർശങ്ങളെ മാത്രം മുൻനിർത്തി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.