“ഭക്തനായെൻ ഭാഗ്യകാലം ….”

പാസ്റ്റർ ഒ.എം. രാജുക്കുട്ടി പിതാവിനെ അനുസ്മരിക്കുന്നു

(എന്റെ അപ്പച്ചൻ പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു കെ. ജെ. മാർക്കോസ് അവർകളുടെ സംസ്കാരം ഒക്ടോബർ 3 ശനി രാവിലെ 8-മുതൽ കരിയംപ്ലാവ് WME സെൻട്രൽ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം അത്യാൽ WME സെമിത്തേരിയിൽ)

അനുസ്മരണം :

എന്റെ അപ്പച്ചനെ അനുസ്മരിക്കുമ്പോൾ ഭക്തകവി പാസ്റ്റർ സി. എസ്. മാത്യുവിന്റെ “ഭക്തനായെൻ ഭാഗ്യകാലം ജീവിക്കുന്നതെന്തു മോദം….” എന്നു തുടങ്ങുന്ന പ്രശസ്ത ഗാനമാണ് മനസ്സിൽ തെളിയുന്നത്. കഴിഞ്ഞ 99 വർഷങ്ങൾ ഒരു തികഞ്ഞ ദൈവഭക്തനായി അദ്ദേഹം ജീവിച്ചു. ഒരു നൂറ്റാണ്ടു തികയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്പച്ചൻ തന്റെ ഓട്ടം തികച്ചു നിത്യഭവനത്തിൽ ചേർക്കപ്പെട്ടതു.

ചെറുപ്രായത്തിൽ കുക്കുസായിപ്പിന്റെ കാലത്തു രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു അഭിഷേകം പ്രാപിച്ചു ചർച്ച്‌ ഓഫ് ഗോഡ് അംഗമായി. എന്റെ മാതാവ് ശബരിമാങ്കൽ എം. ജെ. കുഞ്ഞമ്മയെ വിവാഹം കഴിച്ചു പെരുമ്പെട്ടിയിൽ പാർത്തു. 78 വർഷങ്ങൾക്കു മുൻപ് പാസ്റ്റർ സി. എസ്. മാത്യു WME പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ ആ പ്രസ്ഥാനത്തോട് ചേർന്നു കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ചിൽ അംഗമായിത്തീർന്നു. പിൽക്കാലത്തു അവിടെനിന്നു അത്യാൽ പ്രദേശത്തേക്ക് താമസം മാറ്റുകയും WME അത്യാൽ ഫിലാഡൽഫിയ ചർച്ചിന്റെ അംഗമായിത്തീരുകയും ചെയ്തു.

ദൈവം അവർക്കു ദാനം നൽകിയ 6 മക്കളിൽ 3 പേർ ചെറുപ്രായത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. മൂത്ത മകനാണ് ഞാൻ. സഹോദരങ്ങൾ പാസ്റ്റർ ഒ. എം. ജോസ്, വത്സമ്മ ജോൺ എന്നിവർ. മരുമക്കൾ: സൂസൻ രാജുക്കുട്ടി, പരേതയായ സുശീല, ഊട്ടുപാറ ഒ. ജെ. ജോൺ എന്നിവർ. അപ്പച്ചന് 3 മക്കൾ, 9 കൊച്ചുമക്കൾ, 8 കുഞ്ഞുമക്കൾ എന്നിവരെ കാണുവാനുള്ള ഭാഗ്യം കർത്താവ് നൽകി.

എന്റെ ജീവിതത്തിൽ വഴികാട്ടിയും മാതൃകാപുരുഷനും എന്റെ അപ്പച്ചൻ ആയിരുന്നു. അദ്ദേഹത്തിന് എഴുതുവാനോ വായിക്കുവാനോ അറിയില്ല. മൂത്ത മകനായ എന്നെ ഒരു സുവിശേഷ പ്രസംഗകനാക്കണം എന്ന ആഗ്രഹത്തിലാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാൻ പ്രശസ്ത കലാലയമായ ചങ്ങനാശ്ശേരി SB കോളേജിൽ ചേർത്തത്‌. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുവാൻ എനിക്ക് ഭാഗ്യം ലഭിച്ചത് എന്റെ അപ്പച്ചന്റെ സമർപ്പണവും ദീർഘവീക്ഷണവുമാണ്. ഞാൻ ജനിക്കുന്നതിനു മുന്നമേ കർത്തൃവേലക്കായി എന്നെ സമർപ്പിച്ചിരുന്നു. ഞാൻ ഇന്നു എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രാർഥനയും സമർപ്പണവുമാണ്.

അപ്പച്ചൻ നന്നായി പാടുകയും പ്രസംഗിക്കയും ചെയ്യുമായിരുന്നു. നന്നായി തമാശ പറയുമായിരുന്നു. ഏതൊരാളുടെയും രോഗദുഃഖങ്ങളിലും സങ്കടവേളകളിലും ഓടിയെത്തുമായിരുന്നു. ശക്തമായ പ്രാർത്ഥനാജീവിതത്തിന്റെ ഉടമയായിരുന്നു. അന്ത്യനിമിഷങ്ങൾവരെ നല്ല ഓർമ്മശക്തിയോടും സന്തോഷത്തോടും ആയിരിപ്പാൻ ദൈവം കൃപ നൽകി. ഞങ്ങളിൽനിന്നും വേർപെട്ടു പോയെങ്കിലും നിത്യഭവനത്തിൽ കർത്താവിനോടും ഭക്തന്മാരോടുമൊപ്പം ചേർന്നിരിക്കയാൽ ദൈവത്തെ സ്തുതിക്കുന്നു.

പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ : “കർത്തവുതാൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുമ്പോൾ….” കർത്താവിനോടൊപ്പം ഞങ്ങളുടെ അപ്പച്ചനെ ഞങ്ങൾ കാണും. ആ ഭാഗ്യകരമായ പ്രത്യാശ (“Blessed Hope”) ഞങ്ങളെ സമാശ്വസിപ്പിക്കുന്നു. ഇത്ര നല്ല ഒരു പിതാവിനെ ഞങ്ങൾക്കു നൽകിയ കർത്താവിനോടു ഒരായിരം നന്ദി പറയുന്നു.

പ്രിയ അപ്പച്ചാ…. അങ്ങേക്കു വിട…. നമ്മുടെ കർത്താവിനോടൊപ്പം അല്പകാലം ഏകനായി പാർത്തുകൊള്ളുക…. അതിവേഗം നമ്മുടെ കർത്താവു വനമേഘത്തിൽ വരും…. ഞങ്ങളെല്ലാം അവിടെയെത്തും…. നമ്മളെല്ലാം ഒരുമിച്ചു കർത്താവിനോടു ചേരും…. പിന്നെ നിത്യത മുഴുവൻ ഒരിക്കലും പിരിയാതെ നമ്മൾ ഒന്നിച്ചു വാഴും… അതുവരെ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി…. (അപ്പച്ചന്റെ പ്രിയ മകൻ പാസ്റ്റർ ഒ. എം. രാജുക്കുട്ടി)