എക്‌സ്പ്രസ്‌വേയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 മരണം; നിരവധിപേർക്ക് പരുക്ക്

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയായിരുന്നു അപകടം. മുപ്പതിലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ പല യാത്രക്കാരും ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എക്‌സ്പ്രസ്‌വേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തി.