സൂററ്റ്: 10,000 രൂപയുടെ ശമ്പള കുടിശ്ശികയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സൂററ്റിലെ പ്രമുഖ വസ്ത്ര മാർക്കറ്റിന് മുൻ ജീവനക്കാരൻ തീയിട്ടു.
സൂററ്റ് സരോളിയിലെ ശ്യാം സംഗിനി ടെക്സ്റ്റൈല്‍ മാർക്കറ്റില്‍ സെപ്റ്റംബർ 9-ന് നടന്ന വൻ തീപിടിത്തം അപകടമല്ലെന്നും ബോധപൂർവം നടത്തിയ അക്രമമാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തില്‍ കടയിലെ മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെ (33) യെ സൂററ്റ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തീപിടിത്തത്തില്‍ 14 കടകള്‍ പൂർണമായി കത്തുകയും 24 കോടിയോളം രൂപയുടെ തുണിത്തരങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു.

കടയുടമയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച വിനോദ്, തനിക്ക് ലഭിക്കാനുള്ള 10,000 രൂപ നല്‍കാത്തതിലുള്ള പ്രതികാരമായാണ് തീപിടിത്തം ആസൂത്രണം ചെയ്തത്. 150 രൂപയുടെ പെട്രോള്‍ പ്ലാസ്റ്റിക് കവറിലും കുപ്പിയിലുമാക്കി രാത്രി ഒമ്പത് മണിയോടെ മാർക്കറ്റിലെത്തിയ ഇയാള്‍, അഞ്ചാം നിലയിലെ കോണിപ്പടിക്ക് സമീപം ഒളിച്ചിരുന്നു. പുലർച്ചെ 12.30-ഓടെ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കടയ്ക്ക് പുറത്തുണ്ടായിരുന്ന തുണികെട്ടുകളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 38 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ പൂർണമായി അണച്ചത്.
നഗരത്തിലെ 1,500-ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് കുടുക്കിയത്. സംഭവം വലിയ വാർത്തയായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും കടന്ന പ്രതി തിരിച്ചെത്തിയപ്പോഴാണ് ഡിൻഡോളിയില്‍ വെച്ച് പിടിയിലായത്. 10,000 രൂപയുടെ വൈരാഗ്യം ഒടുവില്‍ 24 കോടിയോളം രൂപയുടെ വൻ നഷ്ടത്തിലാണ് കലാശിച്ചത്.




