നന്നായി ഉറങ്ങിയാൽ 2.22 മില്യൺ യെൻ സമ്മാനം!; ടോക്കിയോയിൽ വിചിത്രമായ ‘ഉറക്ക മത്സരം’

​നന്നായി ഒന്നു ഉറങ്ങാൻ സാധിക്കുമെങ്കിൽ 2.22 മില്യൺ ജാപ്പനീസ് യെൻ , നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം ഇന്ത്യൻ രൂപ (₹13.54 ലക്ഷം) സമ്മാനം നേടാൻ അവസരം. ജപ്പാനിലെ ഇംഗ്ലീഷ് ഭാഷാ മാധ്യമമായ ‘ടോക്കിയോ വീക്കൻഡർ’ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്‌.

ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ 5-ന് നടക്കുന്ന ‘മാട്രേസ് ബൈ ക്വല’ എന്ന പ്രശസ്ത ബെഡ് നിർമ്മാണ കമ്പനിയാണ്
അപൂർവ്വവും വിചിത്രവുമായ മത്സരത്തിന് അവസരം ഒരുക്കുന്നത്.

​സാധാരണ കായിക മത്സരങ്ങൾ പോലെ ഓടുകയോ ചാടുകയോ ഭാരം ഉയർത്തുകയോ ഒന്നും ഇതിൽ വേണ്ട. കിടക്കയിൽ കിടന്ന് 90 മിനിറ്റ് നേരം ഏറ്റവും മികച്ച രീതിയിൽ ഉറങ്ങുക എന്നതാണ് മത്സരാർത്ഥികളുടെ ദൗത്യം. എന്നാൽ സംഭവം അത്ര എളുപ്പമല്ല. മത്സരാർത്ഥികൾ ഉറങ്ങുമ്പോൾ അവരുടെ ഉറക്കം തടസ്സപ്പെടുത്താൻ സംഘാടകർ മനഃപൂർവ്വം പലവിധ തടസ്സങ്ങൾ ഉണ്ടാക്കും. ഇത്തരം തടസ്സങ്ങൾക്കിടയിലും ആര് നന്നായി ഉറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന വെല്ലുവിളി.
​മത്സരത്തിന് മുൻപായി ‘സ്ലീപ്പ് വാം-അപ്പ്’ ഉണ്ടാവുകയും, ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുന്ന ചില സാമഗ്രികൾ നൽകുകയും ചെയ്യും. ശേഷം ഉറക്കം നിരീക്ഷിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചാണ് മത്സരാർത്ഥികളെ കിടത്തുന്നത്.

ഉറക്കത്തിന്റെ ആഴം, ഗുണനിലവാരം, എത്ര വേഗത്തിൽ ഉറങ്ങി, ഉറക്കത്തിലെ സ്ഥിരത എന്നിവ വിലയിരുത്തി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നൽകുന്ന പ്രത്യേക ‘സ്ലീപ്പ് സ്കോർ’ അടിസ്ഥാനമാക്കിയാണ് വിജയിയെ തീരുമാനിക്കുന്നത്.

​ഏറ്റവും ഉയർന്ന സ്കോർ നേടുന്നയാൾക്ക് 2.22 മില്യൺ യെൻ ഒന്നാം സമ്മാനം ലഭിക്കും. കൂടാതെ, ആഴത്തിലുള്ള ഉറക്കത്തിന് ‘ഡീപ്പ് സ്ലീപ്പ് അവാർഡും’, വ്യത്യസ്തമായ ഉറക്കരീതികൾക്ക് ‘സ്ലീപ്പ് ഫ്ലിപ്പ് അവാർഡും’ നൽകും.
​ടോക്കിയോ മിനാറ്റോ വാർഡിലെ ഷെയർ ഗ്രീൻ മിനാമി അയോമയിലാണ് മത്സരം നടക്കുന്നത്. ഒക്ടോബർ 5-ന് നടക്കുന്ന ഇവന്റിൽ 90 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് മത്സര റൗണ്ടുകൾ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12:00 മുതൽ 2:00 വരെ ആദ്യ റൗണ്ടും, 2:30 മുതൽ 4:30 വരെ രണ്ടാം റൗണ്ടും, വൈകുന്നേരം 5:00 മുതൽ 7:00 വരെ മൂന്നാം റൗണ്ടും നടക്കും. ഓരോ റൗണ്ടിലും 20 പേർക്ക് വീതമാണ് അവസരം.