ആൽപ്പാറ വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: പാൽക്കുളം മേടിന് സമീപത്തെ ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.

ആൽപ്പാറ വെട്ടിക്കൽ ആൽബിൻ ദേവസ്യയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
രണ്ട് ബന്ധുക്കൾക്കൊപ്പമാണ് ആൽബിൻ പുലർച്ചെ വ്യൂ പോയിന്റിലെത്തിയത്. ഇവിടെനിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള പാറയിലൂടെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം, കഞ്ഞിക്കുഴി പോലീസ്, നാട്ടുകാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഉടൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.