കടകൾ നേരത്തേ അടയ്ക്കണം, വിവാഹത്തിന് ഒറ്റ വിഭവം! സാമ്പത്തിക പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ച് പാകിസ്താൻ. കോവിഡ് കാലത്തിന് സമാനമായി വിപണികളുടെ പ്രവർത്തനസമയം ചുരുക്കുന്നതും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം സർക്കാർ വാഹനങ്ങളും വാങ്ങുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കാനും നിർദേശമുണ്ട്. എന്നാൽ, സായുധ സേനകൾ, ക്രമസമാധാന പാലകർ, അവശ്യ സർവീസുകൾ എന്നിവയെ ഇന്ധന നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഒരൊറ്റ വിഭവം മാത്രമേ വിളമ്പാവൂ എന്നും ഉത്തരവിൽ പറയുന്നു. കടകളും ഷോപ്പിങ് മാളുകളും ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ രാത്രി ഒൻപത് മണിയോടെ അടയ്ക്കണം. വിവാഹ ഹാളുകൾ രാത്രി 10 മണിക്കും റെസ്റ്റോറന്റുകളും ഭക്ഷണശാലകളും രാത്രി 11 മണിക്കും പ്രവർത്തനം അവസാനിപ്പിക്കണം. എന്നാൽ ഫാർമസികൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ഐ.ടി കമ്പനികൾ തുടങ്ങിയ അവശ്യ സർവീസുകൾക്ക് സമയനിയന്ത്രണം ബാധകമല്ല.

മന്ത്രിമാർ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ യാത്രകൾക്ക് മൂന്ന് മാസത്തേക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത യാത്രകൾക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. കൂടാതെ ഔദ്യോഗിക അത്താഴ വിരുന്നുകൾക്കും സെമിനാറുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.