കോട്ടയം: കേറ്ററിംങ് സ്ഥാപനങ്ങളുടെ പേരിൽ കോട്ടയം കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും തട്ടിപ്പ് നടത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) ഭാരവാഹികൾ.
”അംഗീകാരത്തോടെ ലൈസൻസ് എടുത്ത് മാന്യമായ രീതിയിൽ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിംങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളുകൾ. സാധാരണക്കാരായ ആളുകൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അതിസുന്ദരമാക്കാനാണ് പലപ്പോഴും കേറ്ററിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ, യാതൊരു വിധ ലൈസൻസോ അംഗീകാരമോ ഇല്ലാത്ത ചില തട്ടിപ്പ്, ഓൺലൈൻ സംഘങ്ങളാണ് ഈ മുഹൂർത്തങ്ങളുടെ ശോഭകെടുത്തന്ന രീതിയിൽ പ്രവർത്തിക്കുന്നത്,” എന്നും ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
ഇപ്പോൾ തട്ടിപ്പ് നടത്തിയ കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ഉദയം കേറ്ററിങ്ങ് എന്ന സ്ഥാപനത്തിന് എതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്. ഇതു സംബന്ധിച്ചു എ കെ സി എ മുൻകൂട്ടി മുന്നറിയിപ്പും നൽകിയിരുന്നതാണ്. ഓൺലൈനിൽ പരസ്യം നൽകി ഇവൻ്റ് മാനേജ്മെൻ്റ് എന്ന പേരിൽ ഇവർ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ ഇത്തരം ഇവൻ്റുകൾക്ക് ബുക്ക് ചെയ്യുന്നവരാണ് ജാഗ്രത പുലർത്തേണ്ടത്.
തങ്ങൾ ഭക്ഷണവും ഇവൻ്റുകളും ബുക്ക് ചെയ്യുന്നവർ മതിയായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നവരാണോ എന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന കേറ്ററിങ് യൂണിറ്റുകൾക്ക് ജിഎസ്‌ടി ലൈസൻസും, ഭക്ഷ്യസുരക്ഷാ ലൈസൻസും, ഈ ലൈസൻസുകൾ എല്ലാം ഉള്ള കിച്ചണുകളും ഉണ്ടാകും. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇപ്പോൾ ആരോപണം ഉയർന്ന ഓൺലൈൻ സ്ഥാപനങ്ങൾ അടക്കം പ്രവർത്തിക്കുന്നത്.
ഈ സാഹചര്യത്തിൽ അംഗീകാരമുള്ള കേറ്ററിങ് സ്ഥാപനങ്ങളുടെ പട്ടിക പുറത്ത് വിടാൻ എ കെ സി എ തയാറാകുകയാണ്. മതിയായ ലൈസൻസ് അടക്കം നേടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇവൻ്റുകൾ ഏൽപ്പിക്കാനും, വഞ്ചിതരാകാതെ ഇരിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും എ കെ സി എ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻ്റ് ഏലിയാസ് സഖറിയ, ജില്ലാ പ്രസിഡൻ്റ് സജി ജേക്കബ്, കോട്ടയം മേഖലാ പ്രസിഡൻ്റ് ബിനോയ് എബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




