വാഷിംഗ്ടൺ: ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ, സഖ്യസേനകളെ സംരക്ഷിക്കുന്നതിനായി ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ച് യു.എസ് ബഹിരാകാശ സേന. ഇതാദ്യമായാണ് ബഹിരാകാശ ഭ്രമണപഥത്തിൽ ആയുധസംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന കാര്യം അമേരിക്ക പരസ്യമായി വെളിപ്പെടുത്തുന്നത്.
ശത്രുക്കളുടെ ഭീഷണികളെ ചെറുക്കാനും തടയാനും ശേഷിയുള്ള ‘സ്‌പേസ്-കൺട്രോൾ’ ആയുധങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് വ്യോമസേനാ സെക്രട്ടറി ട്രോയ് മെയ്ങ്ക് അറിയിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കും ആക്രമണങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സംവിധാനങ്ങളാണിത്. എന്നാൽ ആയുധങ്ങളുടെ എണ്ണത്തെക്കുറിച്ചോ, ഏത് തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നോ ഉള്ള വിവരങ്ങൾ യു.എസ് പുറത്തുവിട്ടിട്ടില്ല.
ബഹിരാകാശ ആധിപത്യത്തിനായി ചൈനയും റഷ്യയും തങ്ങളുടെ സൈനിക-ഉപഗ്രഹ ശേഷികള്‍ വർധിപ്പിക്കുന്ന സാഹചര്യത്തിലാണു യുഎസിന്റെ നിർണായക നീക്കം. റഷ്യയും ചൈനയും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന ലേസർ സാങ്കേതികവിദ്യകള്‍, കമ്യൂണിക്കേഷൻ ജാമിംഗ്, ശത്രു ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതായി അമേരിക്കൻ പ്രതിരോധകേന്ദ്രങ്ങള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ചൈനയോ റഷ്യയോ നടത്തുന്ന ഏതുതരം ആക്രമണങ്ങള്‍ക്കും ബഹിരാകാശത്തുനിന്നുതന്നെ നേരിട്ടു മറുപടി നല്‍കാൻ സജ്ജമാണെന്ന ശക്തമായ സന്ദേശമാണു പരസ്യ പ്രഖ്യാപനത്തിലൂടെ യുഎസ് നല്‍കുന്നത്.
1967-ലെ അന്താരാഷ്ട്ര ‘ഔട്ടർ സ്പേസ് ട്രീറ്റി’ പ്രകാരം ബഹിരാകാശത്ത് അണവായുധങ്ങളോ വ്യാപക നശീകരണ ആയുധങ്ങളോ വിന്യസിക്കുന്നതു നിരോധിച്ചിട്ടുണ്ട്. എന്നാല്‍, പരമ്പരാഗത സൈനിക ആയുധങ്ങള്‍, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങള്‍ എന്നിവയ്ക്കു കരാറില്‍ പൂർണ നിരോധനമില്ല. ഈ നിയമപരമായ സാങ്കേതികത്വം ഉപയോഗപ്പെടുത്തിയാണ് അമേരിക്ക ഭ്രമണപഥത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയത്.
ബഹിരാകാശ സാങ്കേതികവിദ്യകള്‍ വഴി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ ഉപയോഗിച്ച് ശത്രു ഉപഗ്രഹങ്ങളുടെ സിഗ്നലുകള്‍ വിച്ഛേദിക്കാനും, ആവശ്യമെങ്കില്‍ അവയെ പ്രവർത്തനരഹിതമാക്കാനുമുള്ള ശേഷി യുഎസ് ആയുധങ്ങള്‍ക്കുണ്ടെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്.
യുഎസ് സ്പേസ് ഫോഴ്സിന്റെ ഈ നടപടിയോടെ കരയിലും കടലിലും ആകാശത്തും മാത്രമായിരുന്ന സൈനിക മത്സരം ഇനി ബഹിരാകാശ മേഖലയിലും ശക്തമാകുകയാണ്.




