ന്യൂയോര്‍ക്ക്: എഐ സാങ്കേതികവിദ്യയുടെ മുന്നേറ്റവും വേഗവും മനുഷ്യരാശിയെ എങ്ങനെ ബാധിക്കുമെന്നതിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവേഷകർക്ക് ഭയമുണ്ടെന്ന് കോക്സണ്‍. മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് രാജിവെച്ച എഐ ഗവേഷകൻ ജേക്കബ് കോക്സണാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പിന്നാലെ ആന്ത്രോപിക്കും ഓപ്പൺഎഐയും അടക്കമുള്ള നിർമിതബുദ്ധി കമ്പനികൾ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ പുതിയ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജേക്കബ് കോക്സൺ.
സൂപ്പർ-ഇന്റലിജൻസ് വികസിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നത് പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പൂർണമായും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത ഒന്നായിരിക്കും സൂപ്പർ ഇന്റലിജെൻസെന്ന് അദ്ദേഹം പറയുന്നു. ‘സൂപ്പർ ഇന്റലിജൻസ് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും വളരെ ഭയപ്പെടുത്തുന്നതാണ്,’ അദ്ദേഹം ഒരു ടിവി ഷോയിൽ സംസാരിക്കവെ കോക്സൺ പറഞ്ഞു.
അമേരിക്കയിലെ മുൻനിര എഐ കമ്പനികൾ എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നുണ്ടെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനയും ഈ നിർദേശം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എഐ വികസനം മന്ദഗതിയിലാക്കുന്നത് എഐയിലെ അമേരിക്കൻ മുന്നേറ്റം ഇല്ലാതാക്കുമെന്നും ചൈനയ്ക്ക് മുൻതൂക്കം നൽകുമെന്നുമാണ് ട്രംപ് പറയുന്നത്. എന്നാൽ ഈ നിർദേശം ചൈനയെ ലക്ഷ്യവെച്ചുള്ള ശീതയുദ്ധ തന്ത്രമാണെന്ന് ചൈന ആരോപിക്കുന്നു. ചൈനയുടെ എഐ വികസന തടസപ്പെടുത്താനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അവർ പറയുന്നത്.
‘നിലവിലെ വേഗതയില്‍ പുരോഗതി തുടരുകയാണെങ്കില്‍, സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കോക്സണ്‍ ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. ക്ലോഡ് എ.ഐ പ്ലാറ്റ്ഫോമിന്റെ നിര്‍മാതാക്കളായ ആന്ത്രോപിക്കില് നിന്നുള്ള രാജിക്ക് ശേഷം കോക്സണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ എ.ഐ കാരണമുള്ള വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ ഭയപ്പെടുന്നതായും കോക്സണ്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി, ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ, ഗ്രോക്ക് മേധാവി എലോൺ മസ്ക് എന്നിവരെല്ലാം ഇപ്പോൾ എഐ വികസന വേഗത മന്ദഗതിയിലാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുകയാണ്. 10 വർഷത്തിനുള്ളിൽ മനുഷ്യരാശിയെ എഐ തുടച്ചുനീക്കാൻ 10 ശതമാനം സാധ്യതയുണ്ടെന്ന് മസ്ക് പലതവണ പറഞ്ഞിട്ടുള്ളതാണ്. എഐയുടെ പിതാക്കന്മാരിൽ ഒരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന നൊബേൽ ജേതാവായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എഐ വികസനത്തിന്റെ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടി കോക്സണിന് മുമ്പേ നിരവധി എഐ ഗവേഷകർ ടെക് കമ്പനികളിൽനിന്ന് രാജിവെച്ചിട്ടുണ്ട്.




