ദിസ്‌പൂർ: ഗുവാഹത്തിയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു.
ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റില്‍ ഇരുപത്തിയഞ്ചുകാരിയെ റിയ താലൂക്‌ദാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഹതിഗോണ്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് രാമാനുജിനെ കൊണ്ടുപോവുകയായിരുന്നു. നരകാസൂർ പഹർ പ്രദേശത്തെത്തിയപ്പോള്‍ പെട്ടെന്ന് ഇയാള്‍ പൊലീസുകാരെ ആക്രമിച്ച് പുറത്തേയ്ക്ക് ചാടിയെന്നാണ് പൊലീസിന്റെ വിശദീകരണം. കൊക്കയിലേക്കാണ് രാമാനുജ് വീണത്. വീഴ്‌ചയില്‍ ഗുരുതര പരിക്കുകളേറ്റു. ഇയാളെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സെപ്തംബർ മൂന്നിനാണ് രാമാനുജ് റിയയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഏതാനും മാസങ്ങള്‍ക്ക് മുൻപായിരുന്നു റിയയുടെയും രാമാനുജിന്റെയും വിവാഹം. കുറച്ച് ദിവസമായി ദമ്പതികളെ പുറത്ത് കാണാനില്ലെന്നും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ വിരലുകള്‍ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറില്‍ നിന്ന് യുവതിയുടെ തല കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ രാമാനുജ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.




