കൊട്ടാരക്കര: കേരളത്തില്‍ പെന്തക്കോസ്തിന്റെ സന്ദേശം ആദ്യമായി മുഴങ്ങിക്കേട്ട തൃക്കണ്ണമംഗലില്‍ വീണ്ടും സുവിശേഷ കാഹളമുയര്‍ത്തി തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു.
ദേശത്തെ ആദ്യകാല ആത്മീയ ഉണര്‍വ്വിന് സാക്ഷ്യം വഹിച്ച തൃക്കണ്ണമംഗല്‍ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ സഭാ ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ കെ.ജെ മാത്യു (പുനലൂര്‍), പാസ്റ്റര്‍ പി.സി ചെറിയാന്‍ (റാന്നി), പാസ്റ്റര്‍ അനീഷ് കാവാലം എന്നിവര്‍ പ്രസംഗിക്കും. ഐപിസി കൊട്ടാരക്കര സെന്റര്‍ പാസ്റ്റര്‍ എ.ഒ തോമസ് കുട്ടി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും.
സഭയുടെ സംഗീത വിഭാഗം രെഹോബോത്ത് വോയ്‌സ് ഗാനശുശ്രൂഷ നടത്തും. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി.കെ മാത്യു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ബ്രദ. ഡി. അലക്‌സാണ്ടര്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ശക്തമായ വേരോട്ടമുള്ള തൃക്കണ്ണമംഗലില്‍ പെന്തക്കോസ്തിന്റെ സന്ദേശം മുഴങ്ങി കേട്ടിട്ട് 117 വര്‍ഷം പിന്നിടുന്നു. 1909 ല്‍ പ്രദേശത്ത് നടന്ന ബ്രദ്‌റണ്‍ സഭാ കണ്‍വന്‍ഷനില്‍ പ്രസംഗകനായെത്തിയ മിഷണറി ജോര്‍ജ് ഇ.ബര്‍ഗ് തന്റെ സന്ദേശത്തില്‍ അസുസയില്‍ വച്ച് താന്‍ പ്രാപിച്ച പരിശുദ്ധാത്മനിറവിനെക്കുറിച്ച് സംസാരിച്ചു. അതായിരുന്നു കേരളം കേട്ട ആദ്യത്തെ പെന്തെക്കോസ്ത് പ്രസംഗം.
അസാധാരണമായ ആ ആത്മീയ ചരിത്രത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന തൃക്കണ്ണമംഗലിലെ ഈ സുവിശേഷ സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പബ്‌ളിസിറ്റി & മീഡിയ കണ്‍വിനേഴ്‌സായ സാംസന്‍ പാളക്കോണം, ഷാജി മാറാനാഥ, ജോണ്‍ ഹാബേല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.




