അറ്റകുറ്റപ്പണിക്കിടെ ചൈനയിലെ കപ്പല്‍ശാലയില്‍ വൻ തീപിടിത്തം; 25 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ചൈനയിലെ ക്വിങ്ദാവോ തുറമുഖ നഗരത്തിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട ചരക്കുകപ്പലില്‍ വൻ തീപിടിത്തം.

അപകടത്തില്‍ 25 പേർ മരിച്ചു. നിരവധി പേർ കപ്പലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും കാണാതായതായും സംശയമുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയിലുള്ള ബെഹായ് ഷിപ്പ്ബില്‍ഡിംഗ് കമ്പനിയുടെ കപ്പല്‍ശാലയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. 42 പേർ കപ്പലിലുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തുറമുഖത്ത് എത്തിയ വിദേശ ചരക്കുകപ്പലിലാണ് തീ പടർന്നതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ലൈബീരിയൻ പതാകയ്ക്ക് കീഴില്‍ സർവീസ് നടത്തുന്ന ഏകദേശം 190 മീറ്റർ നീളമുള്ള ‘ഓഷ്യൻ മെലഡി’ എന്ന ബള്‍ക്ക് കാരിയറാണ് അപകടത്തില്‍പ്പെട്ട കപ്പലെന്ന് മറൈൻട്രാഫിക് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തെ തുടർന്ന് ചൈനീസ് അധികൃതർ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാണാതായവർക്കായി തെരച്ചില്‍ നടത്താനും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനൊപ്പം പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗ് നിർദേശിച്ചു.

സിൻഹുവ പുറത്തുവിട്ട ചിത്രത്തില്‍ കപ്പല്‍ശാലയില്‍ നങ്കൂരമിട്ട വലിയൊരു കപ്പലിനുസമീപം നിരവധി അഗ്നിരക്ഷാ വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുന്നതായി കാണാം. അപകടത്തെ തുടർന്ന് രാജ്യത്തെ എല്ലാ മേഖലകളിലും അഗ്നിബാധാ സാധ്യതയുള്ള ഇടങ്ങളില്‍ സമഗ്ര പരിശോധന നടത്താനും കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനും ഷി ജിൻപിംഗ് നിർദേശിച്ചു.