ഫിലിപ്പൈന്‍സില്‍ ഫെറി ബോട്ടിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മനില: ഫിലിപ്പൈന്‍സില്‍ ഫെറി ബോട്ടിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പടിഞ്ഞാറന്‍ ഫിലിപ്പൈന്‍ ദ്വീപായ പാലാവാനിലാണ് സംഭവം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനായി കപ്പലുകളുള്‍പ്പെടെ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളത്തില്‍ വീണവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഔദ്യോഗിക രേഖകള്‍ പ്രകാരം 117 യാത്രക്കാരും 17 ക്രൂ അംഗങ്ങളുമാണ് ഫെറിയില്‍ ഉണ്ടായിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മനിലയിലെ ബസേക്കോയില്‍ നിന്നും പാലാവാനിലെ പ്രമുഖ ഡൈവിങ് കേന്ദ്രങ്ങളിലൊന്നായ കോറാണിലേക്കായിരുന്നു ഫെറി യാത്രതിരിച്ചത്. M/V June Aster എന്ന ഫെറിക്കാണ് തീരത്ത് നിന്നും 1.3മൈല്‍ അകലെ വെച്ച് തീപിടിച്ചത്. ശക്തമായ കാറ്റിലും ഓളങ്ങളിലും പെട്ട് തീപിടിച്ച ഫെറി കൂടുതല്‍ അകലേക്ക് നീങ്ങിപ്പോയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

87പേരെയോളം കാണാതായെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന കണക്ക്. 43 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിച്ച ബോട്ടില്‍ കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കനത്ത പുക ഉയരുന്ന സാഹചര്യത്തില്‍ അതികഠിനമായ ചൂടും പൊട്ടിത്തെറികളുണ്ടാകാനുള്ള സാധ്യതയുമാണ് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നതെന്ന് കോസ്റ്റ് കാര്‍ഡ് വക്താവ് അറിയിച്ചു. സംഭവത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയില്‍ ബലൂക്ക് ദ്വീപിന്റെ തീരത്ത് 350 പേരുമായി യാത്ര ചെയ്ത ഫെറി അപകടത്തില്‍പ്പെട്ട് 18 പേര്‍ മരിച്ചിരുന്നു. കൃത്യമായ സമയത്ത് ഫെറികളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതും യാത്രക്കാരെ തിക്കിനിറച്ച് സര്‍വീസ് നടത്തുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് സ്ഥിരമായി ഇത്തരം അപകടങ്ങളുണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. 7600ഓളം ദ്വീപുകള്‍ ചേര്‍ന്ന ദ്വീപസമൂഹമായ ഫിലിപ്പൈന്‍സില്‍ ഗതാഗതത്തിനായി ഫെറി സംവിധാനത്തെയാണ് സാധാരണയായി ആശ്രയിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഫെറി ബോട്ടുകളിലാണ് ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യുന്നത്.