മലപ്പുറം:ജിന്ന് മന്ത്രിച്ചൂതിയ പഴം എന്ന പേരിൽ ഭക്തി തട്ടിപ്പ് നടത്തി വന്ന കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. മലപ്പുറം തിരുനാവായ കൊടക്കലിലെ ജിന്ന് മഹർ എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. അബു അലവി എന്നയാളുടെ മജ്ലിസിലാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നത്. തട്ടിപ്പ് മനസ്സിലായ നാട്ടുകാർ ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു.
ജിന്ന് ആണെന്ന് പറഞ്ഞു ഒരാൾ മൂടിപ്പുതച്ചു മജ്ലിസിൽ ഇരിപ്പുണ്ടായിരുന്നു. ഇയാൾ പഴത്തിൽ മന്ത്രിച്ചു ഊതുകയും പിന്നാലെ ലേലം ആരംഭിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചു 1000 രൂപയ്ക്ക് ലേലം ആരംഭിച്ച പഴം 2500 രൂപയ്ക്ക് ഒരു യുവാവിന് വിറ്റു. പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അദ്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ അവകാശ വാദം.
പഴം വാങ്ങിയ ആളോട് ഇപ്പോള്‍ അത്ഭുതം കാണാം എന്ന് നടത്തിപ്പുകാരനായ വെട്ടിപ്പുക്കാരന്‍ പറഞ്ഞു.പിന്നേ പഴത്തിന്റെ തൊലി മെല്ലെ ഉരിയാന്‍ ആവശ്യപ്പെട്ടു. അവിടെയായിരുന്നു അത്ഭുതം.തൊലി കളഞ്ഞ പഴം ഇതാ കഷ്ണം..കഷ്ണമായിരിക്കുന്നു!.പിന്നെ തട്ടിവീരന്റെ വാക്ധോരണി. തൊലി മുറിക്കാതെ ഉള്ളിലെ പഴം എങ്ങനെ കഷ്ണങ്ങളായി..ജിന്നേ,ജിന്നിന്റെ പ്രവര്‍ത്തിയാ..തട്ടിപ്പുകാരന്‍ വാചാലനായി.
എന്നാല്‍ സംഭവം വെളിയില്‍ വന്നതോടെ പഴം തൊലി കളയാതെ എങ്ങനെ മുറിക്കാം എന്നുള്ള വീഡിയോയുമായി നിരവധി പേര്‍ സോഷ്യല്‍മീഡിയായില്‍ പ്രത്യക്ഷപ്പെട്ടു..പഹയന്മാര്‍! അതൊടെ തട്ടിപ്പ് പുറത്താകുകയും ചെയ്തു.
പക്ഷേ ആഗ്രഹിച്ചതൊന്നു ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി കേന്ദ്രം അടച്ചു പൂട്ടിച്ചു.
കേന്ദ്രം നടത്തിയിരുന്ന അബു അലവി മുൻപും പലയിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അറിവ്. എല്ലായിടത്തു നിന്നും നാട്ടുകാർ ആട്ടിയോടിച്ചതാണെന്നും പറയപ്പെടുന്നു. തുടർന്ന് തിരുനാവായയിൽ എത്തിയ അബു അലവി വ്യാജ കേന്ദ്രം നടത്തുകയായിരുന്നു.




