യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെ, മിഡില്‍ ഈസ്റ്റില്‍ കനത്ത തിരിച്ചടിയുമായി അമേരിക്ക.
ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ അഞ്ച് ഇറാനിയൻ ക്രൂഡ് ഓയില്‍ കാരിയറുകള്‍ (എണ്ണ ടാങ്കറുകള്‍) യു.എസ് സെൻട്രല്‍ കമാൻഡ് (CENTCOM) പൂർണ്ണമായി തകർത്തു.
അമേരിക്കൻ സൈനികർക്ക് നാശനഷ്ടങ്ങളോ പരിക്കുകളോ ഇല്ലാതെ യു.എസ് യുദ്ധക്കപ്പല്‍ രണ്ട് ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെട്ടെന്നും, ഇറാന്റെ പരാജയപ്പെട്ട ആക്രമണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയായാണ് ഈ നടപടിയെന്നും യു.എസ് സൈന്യം വ്യക്തമാക്കി. “ഇറാന്റെ ആക്രമണത്തില്‍ നിന്ന് യു.എസ് യുദ്ധക്കപ്പല്‍ വിജയകരമായി രക്ഷപ്പെടുകയും പ്രാദേശിക ജലാശയങ്ങളില്‍ പട്രോളിംഗ് തുടരുകയും ചെയ്തു. ഒരൊറ്റ അമേരിക്കൻ ഉദ്യോഗസ്ഥന് പോലും പരിക്കേറ്റിട്ടില്ല,” സെൻറ്കോം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമാൻ ഉള്‍ക്കടലില്‍ വെച്ച് ആക്രമിക്കപ്പെട്ട എം/ടി കവിസ്, എം/ടി ചാർമിനാർ, എം/ടി ഹൊറൈസണ്‍ 1, എം/ടി റീസ്കോ എന്നീ നാല് കപ്പലുകള്‍ക്കും, ഖാർഗ് ദ്വീപിന് സമീപം തകർക്കപ്പെട്ട എം/ടി ഡെര്യ എന്ന കപ്പലിനും പുറമേ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകൂട്ടി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി സെൻറ്കോം വ്യക്തമാക്കുകയുണ്ടായി. ഐ.ആർ.ജിസിക്കും പ്രാദേശിക പ്രോക്സികള്‍ക്കും സാമ്പത്തിക സഹായം എത്തിക്കുന്ന ഇറാനിയൻ ‘ഷാഡോ ശൃംഖലയിലെ’ നിർണ്ണായക കണ്ണികളാണ് ഈ എണ്ണ ടാങ്കറുകളെന്നും, ഇവയുടെ നഷ്ടത്തെ പ്രതിരോധിക്കാൻ നിലവില്‍ ഇറാന് മറ്റ് മാർഗ്ഗങ്ങളില്ലെന്നും യു.എസ് സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രതികരിച്ചത്. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പലും ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്.




