ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രിട്ടനിലുടനീളം വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി.
ആയിരത്തിലധികം വിമാന സർവീസുകള്‍ റദ്ദാക്കുകയും അനേകം സർവീസുകള്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിലും റണ്‍വേകളിലും കുടുങ്ങിയത്.
ഫ്ലൈറ്റ് പ്രോസസ്സിംഗ് സിസ്റ്റത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി യുകെയുടെ നാഷണല്‍ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും, നിലവിലെ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ നല്‍കുന്ന സൂചന. യുകെയിലെ 15 പ്രധാന വിമാനത്താവളങ്ങളെ തകരാർ നേരിട്ട് ബാധിച്ചു. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്‌വിക്, സ്റ്റാൻസ്റ്റെഡ്, സിറ്റി വിമാനത്താവളങ്ങള്‍ക്ക് പുറമെ മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, സ്കോട്ട്‌ലൻഡിലെ വിവിധ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വൻ യാത്രാതടസ്സമുണ്ടായി.
ഹീത്രൂവില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടാൻ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച രാത്രിയിലെ ലാൻഡിംഗുകള്‍ നിർത്തിവെച്ചിരുന്നു. റയാൻഎയർ, ബ്രിട്ടീഷ് എയർവേയ്‌സ്, ഈസിജെറ്റ് എന്നീ വിമാനക്കമ്പനികളുടെ സർവീസുകളെയാണ് സംഭവം കൂടുതല്‍ ബാധിച്ചത്. 100-ലധികം സർവീസുകള്‍ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്യേണ്ടിവന്നതായി ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു. റയാൻഎയറിന്റെ 65,000-ത്തിലധികം യാത്രക്കാരെ തടസ്സം ബാധിച്ചതായും അവർ വ്യക്തമാക്കി. സർവീസുകള്‍ തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് നിലവിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.




