അഗളി: യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും കൊലപാതകശേഷം അവിടേയ്ക്ക് മുങ്ങിയെന്നും പോലീസ് കണ്ടെത്തി. ഭാര്യയേയും കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭവാനിപുഴയില്‍ ഒഴുക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
20 ദിവസം മുമ്പാണ് ഭാര്യയും മകളുമായി അട്ടപ്പാട്ടിയില്‍ എത്തിയത്. ഭാര്യയ്ക്ക് മറ്റു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ സ്വകാര്യതോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഇടയ്ക്ക് നാട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് ഭാര്യയേയും മകളെയും അട്ടപ്പാടിയിലേക്ക് കൊണ്ടുവന്നത്.
ചാക്കു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവിലേക്ക് സംശയം നീളാന്‍ കാരണമായത്. മൃതദേഹം കെട്ടിയ ചാക്ക് കോയമ്പത്തൂരില്‍ നിന്നും കോട്ടത്തറയിലെ ഒരു കടയിലേക്ക് കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കടയില്‍ അന്വേഷിച്ചപ്പോള്‍ സമീപത്തെ തോട്ടത്തില്‍ പണിയെടുക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് കൊണ്ടുപോയതെന്ന് കണ്ടെത്തി. അവിടെ അന്വേഷിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം പോലീസിന് കിട്ടിയത്. പ്രതിയെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍. ഇതിനായി സംഘത്തെ പോലീസ് രൂപീകരിച്ചിരിക്കുകയാണ്.




