ലോകത്തിലാദ്യമായി എ ഐ സഹായത്തോടെ തലച്ചോറിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്തു

​ന്യൂഡല്‍ഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലാദ്യമായി വിജയകരമായി തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തതായി ‘ദി ഗാര്‍ഡിയന്‍’റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനിലെ ‘നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോസർജറിയിലാണ്’ (NHNN) ഈ ചരിത്ര ശസ്ത്രക്രിയ നടന്നത്. ബെഡ്ഫോർഡ്ഷയർ സ്വദേശിയും കസ്റ്റമർ സർവീസ് മാനേജറുമായ റിസ് ഹിബർട്ട് (48) എന്ന രോഗിയാണ് ഈ അപൂർവ്വ നേട്ടത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

​2024-ൽ രോഗനിർണയം നടത്തിയതിനെ തുടർന്ന് ഹോർമോൺ വ്യതിയാനവും കഠിനമായ കാഴ്ച തടസ്സവും അനുഭവപ്പെട്ടിരുന്ന ഹിബർട്ടിന്റെ തലച്ചോറിലെ പീയൂഷ ഗ്രന്ഥിയിലാണ് 11 മില്ലീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുമായിരുന്നു.

​ശസ്ത്രക്രിയ പൂർണ്ണമായും ന്യൂറോ സർജൻമാരുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു നടന്നത്. എന്നാൽ, ശസ്ത്രക്രിയ വേളയിൽ ലൈവ് ക്യാമറ ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത AI സിസ്റ്റം, ഒഴിവാക്കേണ്ട പ്രധാനപ്പെട്ട രക്തക്കുഴലുകളും കാഴ്ച നിയന്ത്രിക്കുന്ന ഞരമ്പുകളും കളർ-കോഡിംഗ് നൽകി തരംതിരിച്ച് ഡോക്ടർമാർക്ക് കാണിച്ചുകൊടുത്തു.

ചെറുതായൊന്ന് പിഴച്ചാൽ പോലും അന്ധതയോ സ്ട്രോക്കോ മരണമോ സംഭവിക്കാവുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയായിരുന്നു ഇത്. ​നേരത്തെ ഗവേഷണ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചിരുന്ന ഈ AI സാങ്കേതികവിദ്യ ആദ്യമായാണ് ഒരു രോഗിയുടെ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഹിബർട്ടിന് പൂർണ്ണ കാഴ്ചശക്തി തിരികെ ലഭിക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു.