കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 37 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ യുക്രെയിൻ സൈന്യത്തിന്റെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം.
ആക്രമണത്തെ തുടർന്ന് ഇവിടെ നിരവധി പൊട്ടിത്തെറികളുണ്ടാവുകയും സമീപത്തെ ജനവാസ മേഖലയിലേക്ക് വ്യാപിക്കുകയുമായിരുന്നു.
വയോജന കേന്ദ്രമടക്കം 50 ഓളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. 2 മിസൈലുകളും 267 ഡ്രോണുകളും റഷ്യ വിക്ഷേപിച്ചെന്ന് യുക്രെയിൻ സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയിലെ ഓണ്‍ലൈൻ വിതരണക്കാരുടെ വെയർഹൗസുകള്‍ക്ക് നേരെ യുക്രെയിൻ ഡ്രോണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. റഷ്യയിലെ ബെല്‍ഗൊറോഡില്‍ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു.
അതേസമയം,റഷ്യയ്ക്കെതിരെ ഡ്രോണ്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് യുക്രെയിന്റെ തീരുമാനം. റഷ്യയിലേക്ക് പ്രതിദിനം 1,000 ദീർഘദൂര ഡ്രോണുകള്‍ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.




