ക്രൈസ്തവചിന്ത-വി.എം മാത്യു അവാർഡുകൾ പ്രഖ്യാപിച്ചു; മാധ്യമ പുരസ്‌കാരം ഷാജി മാറാനാഥയ്ക്കും ചാരിറ്റി പുരസ്‌കാരം റവ. സണ്ണി താഴാംപള്ളത്തിനും

ഗുഡ്‌ന്യൂസ് സ്ഥാപക ചെയര്‍മാന്‍ വി.എം മാത്യു സാറിൻ്റെ പേരില്‍ ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയിട്ടുള്ള 2025-26 ലെ മാധ്യമ പുരസ്‌കാരത്തിന് മാറാനാഥ വോയ്‌സ് മാനേജിംഗ് എഡിറ്റര്‍ ഷാജി മാറാനാഥയെയും പൊതുരംഗത്ത് ദീര്‍ഘകാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന റവ. സണ്ണി താഴാംപള്ളത്തിനെ ചാരിറ്റി പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു.

ഡല്‍ഹി ഹാര്‍വെസ്റ്റ് മിഷന്‍ ഡയറക്ടര്‍ റവ. ബാബു ജോണ്‍, ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗവും ക്രൈസ്തവചിന്ത എഡിറ്ററുമായ വര്‍ഗീസ് ചാക്കോ ഷാര്‍ജ, ഗുഡ്‌ന്യൂസ് കംപ്യൂട്ടര്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഫിന്നി കോര ഡാളസ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.

ജനുവരി രണ്ടാം വാരത്തില്‍ തിരുവല്ലയില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. ഫലകവും കാഷ് അവാര്‍ഡുമടങ്ങുന്നതാണ് പുരസ്‌കാരം. സഭാനേതാക്കള്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദേശത്തുനിന്നും വി എം മാത്യു സാറിന്റെ മക്കള്‍ എന്നിവര്‍ പങ്കെടുക്കും.

ക്രൈസ്തവ മാധ്യമ രംഗത്ത് അനവധി പത്രങ്ങളുടെ ജനനത്തിനും കഴിവുറ്റ പത്രവര്‍ത്തകരുടെ വന്‍ നിര സൃഷ്ടിക്കുന്നതിനും കാരണമായത് വി.എം മാത്യു സാറിന്റെ ഇടപെടലുകളും പ്രോത്സാഹനവുമായിരുന്നു.

‘ഞങ്ങൾക്ക് വഴി വിളക്കായി എന്നെന്നും വി. എം മാത്യു സാർ’

സെയില്‍സ് ടാക്‌സില്‍ വിജിലന്‍സ് ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നദ്ദേഹം പേരെടുത്തിരുന്നു. ഐ.പി.സി മലബാര്‍ മിഷന്‍, ശാലേം ട്രാക്ട് സൊസൈറ്റി, ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുവാനാണ് ക്രൈസ്തവ ചിന്ത ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായ ഷാജി മാറാനാഥ, കൊട്ടാരക്കര തൃക്കണ്ണമംഗല്‍ വെട്ടിക്കല്‍ സന്തോഷ് ഭവനില്‍ എം. തങ്കച്ചന്‍- ലീലാമ്മ തങ്കച്ചന്‍ ദമ്പതികളുടെ സീമന്തപുത്രനാണ്. കഴിഞ്ഞ 27 വര്‍ഷമായി പ്രിന്റ്, വിഷ്വല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. നിലവില്‍, തമ്പി തോമസ് ചിക്കാഗോ നേതൃത്വം നല്‍കുന്ന മാറാനാഥ വോയ്‌സിന്റെ മാനേജിംഗ് എഡിറ്ററും ക്രിസ്ത്യന്‍ സാറ്റലൈറ്റ് ചാനലായ ഹാര്‍വെസ്റ്റ് ടി.വിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും വാര്‍ത്താവതാരകനുമാണ്.

ക്രൈസ്തവ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി എഴുതി വരുന്നു. വിവിധ ക്രൈസ്തവ സംഘടനകളുടേയും സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ഭാഗമാണ്. തിരുവനന്തപുരം വേഡ് ടു വേള്‍ഡ് ടെലിവിഷനില്‍ പ്രോഗ്രാം പ്രൊഡ്യൂസറായും, കേരളാ എക്‌സ്പ്രസില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ ക്രൈസ്തവ സംഗീത ശുശ്രൂഷയുടെ ഭാഗമായിരിക്കുന്ന അദ്ദേഹം നൂറിലധികം ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. ഐപിസി ഗ്ലോബെല്‍ മീഡിയ അസോസിയേഷന്റെ പ്രഥമ വിഷ്വല്‍ മീഡിയ പുരസ്‌കാരം, ഇന്ത്യന്‍ ചര്‍ച്ച് കൗണ്‍സിലിന്റെ മീഡിയ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ആശ ഫിലിപ്പ് (ലേബര്‍ കോര്‍ട്ട്, പാലക്കാട്). മകന്‍ ആഷേര്‍ ടി. സജിമോന്‍.

തിരുവല്ല താഴാം പള്ളത്ത് റ്റി.വി. ജോസഫ് സാറാമ്മ ജോസഫ് ദമ്പതികളുടെ മൂന്നാമത്തെ മകനായ സണ്ണി താഴാംപള്ളം 45 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നു. മികച്ച ഒരു ബിസിനസ്സുകാരനായിരുന്നു. ഒപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനാണ്. വിവാഹ സഹായം, ഭവനനിര്‍മ്മാണ സഹായം , പഠന സഹായം, രോഗികള്‍ക്കുള്ള സഹായം എന്നീ നിലകളില്‍ കോടികളാണ് അദ്ദേഹം കേരളത്തില്‍ ചെലവഴിച്ചിട്ടുള്ളത്. കൊറോണ കാലത്ത് 40 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തു.

പ്രഭാഷക ഡോ. ജോളി ജോസഫാണ് ഭാര്യ. ലോയർ നോയൽ , ഡോ. ജെറമി ,ഡോ. ഡാനി എന്നിവരാണ് മക്കൾ. ഈ വർഷം നഴ്സിങ്ങിന് അഡ്‌മിഷൻ ലഭിച്ച പാവപ്പെട്ട 25 കുട്ടികൾക്ക് 1 ലക്ഷം രൂപ വീതം അവാർഡ് ദാനത്തോടൊപ്പം വിതരണം ചെയ്യുന്നതാണ്. റവ. സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയാണ് സഹായം സ്പോൺസർ ചെയ്തിരിക്കുന്നത്.