കാഠ്മണ്ഡു: ബുധനാഴ്ചയുണ്ടായ വിനാശകരമായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നേപ്പാളിലും തിബറ്റിലുമായി മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു.
നാലാം ദിവസത്തിലേക്ക് കടന്ന തിരച്ചിലില്‍ 626 പേർ മരിച്ചതായാണ് സ്ഥിരീകരണം. 517 വിദേശികള്‍ ഉള്‍പ്പെടെ 1,924 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിബറ്റില്‍ ഏഴ് മരണങ്ങളും 554 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ അതിർത്തിയായ ജയിറോങ് പോർട്ടിന് സമീപം സുരക്ഷയും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തമാക്കാൻ നേപ്പാള്‍ ഭരണകൂടം ഡ്രോണുകളും ഒബ്സർവേഷൻ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ, നേപ്പാള്‍-തിബറ്റ് അതിർത്തി മേഖലയിലെ ലങ്കടാങ് ലിറങ് ഹിമാലയൻ പ്രദേശത്ത് 5,200 മീറ്റർ ഉയരത്തില്‍ നിന്നുണ്ടായ മഞ്ഞുമലയുടെയും പാറകളുടെയും തകർച്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മഞ്ഞുപാളികള്‍ പതിച്ചതിനെ തുടർന്ന് പ്രളയത്തിന് കാരണമായ ലെൻഡെ കോള മേഖലയില്‍ പുതിയ രണ്ട് ഹിമതടാകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി. അതില്‍ 20.25 ഹെക്ടറോളം വിസ്തൃതിയുള്ള പുതിയൊരു വലിയ തടാകത്തിന്റെ സാന്നിധ്യം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ നോയിഡ ആസ്ഥാനമായ ‘സുഹോറ ടെക്നോളജീസ്’ പുറത്തുവിട്ടു.
വൻതോതില്‍ വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തുന്നത് മൂലം വീണ്ടും ഉരുള്‍പൊട്ടലിനും കവിഞ്ഞൊഴുക്കിനും സാധ്യതയുള്ളതിനാല്‍ ഈ തടാകങ്ങളുടെ സ്ഥിതിഗതികള്‍ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ശാസ്ത്രജ്ഞരും നിരീക്ഷിച്ചു വരികയാണ്.




