മുംബൈ: മലമുകളിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് അപ്പനും മകനും മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു ആരെയും ഞെട്ടിക്കുന്ന സംഭവം.
രാവിലെ പത്തുമണിയോടെ ദേവ്ലായി സ്വദേശിയായ പതിനെട്ടുകാരനാണ് മലമുകളിലെത്തി, കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പലവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.
പുതിയ മൊബൈൽ ഫോൺ വേണമെന്ന ആവശ്യത്തെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട് രാവിലെ 10 മണിയോടെ കുന്നിൻമുകളിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം .
തുടർന്ന് പിതാവ് മലമുകളിൽ കുട്ടി നിൽക്കുന്നിടത്തേക്ക് കയറിച്ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, രക്ഷിക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നായി കുട്ടി. ഇതിനിടെ മകനെ പിടിച്ച് പിന്നിലേക്ക് നീക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും മലമുകളിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികൃതർ എത്തിയിരുന്നെന്നും പതിനെട്ടുകാരനോട് താഴേക്ക് വരാൻ അവരും ആവശ്യപ്പെട്ടിരുന്നെന്നും ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. എന്നാൽ, കുട്ടി താഴേക്ക് വരാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.




