ഹോംവര്‍ക്ക് ചെയ്തില്ല: അധ്യാപികയുടെ മര്‍ദ്ദനമേറ്റ 5 വയസ്സുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

വിശാഖപട്ടണം: ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താല്‍ അധ്യാപിക മർദ്ദിച്ചതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

വിശാഖപട്ടണത്തെ വണ്‍ ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. തൗണ്‍ കൊത്തറോഡ് സ്വദേശികളായ കൃഷ്ണ പ്രസാദിന്റെയും സായി ലക്ഷ്മിയുടെയും മകൻ ടി. പ്രണയ് തേജ് ആണ് മരിച്ചത്.

ഹോംവർക്ക് പൂർത്തിയാക്കാത്തതിനാല്‍ രാവിലെ സ്കൂളില്‍ പോകാൻ കുട്ടി മടി കാണിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപിക ഓരോരുത്തരുടെയും ഹോംവർക്ക് പരിശോധിക്കുന്നത് കാണാം. പ്രണയ് ശൂന്യമായ സ്ലേറ്റ് കാണിച്ചപ്പോള്‍ അധ്യാപിക കുട്ടിയെ ബലമായി അടുത്തേക്ക് വലിച്ച്‌ ഉടുപ്പിന്റെ ബട്ടണ്‍ അഴിച്ച്‌ കരണത്തടിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതിന് പിന്നാലെ കുട്ടി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാവിലെ 11 മണിയോടെ നടന്ന സംഭവത്തെക്കുറിച്ച്‌ ഉച്ചയ്ക്ക് 12.50 ഓടെയാണ് സ്‌കൂള്‍ അധികൃതർ അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.