ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര് പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകള്‍ നല്കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ട് ഇദ്ദേഹത്തെ വീടിനു പുറത്തു കണ്ടിരുന്നു. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ പെൺകുട്ടിക്ക് കാട്ടികൊടുത്തു. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണു ഡൈനിങ് ഹാളിൽ താഴെ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന് സ്വര്‍ണവും കാണാതായിട്ടുണ്ട്. പ്രതികള്‍ നിലവില്‍ ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
മകൾ ശ്രീകലയുടെ പ്രസവത്തിനായി ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കൾക്കുവേണ്ടി 2 വീടുകൾ പണിതു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.




