തെക്കൻ ലബനനില്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായും ബറ്റാലിയൻ കമാൻഡർ അലി സമീർ അല്‍-ഹാജ് ഹസനും കൊല്ലപ്പെട്ടു.
അൻസാർ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇസ്രയേലി സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതിൻ്റെ തിരിച്ചടിയായാണ് ഈ നടപടിയെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി.
കൊല്ലപ്പെട്ട ഹസന്റെ കുടുംബാംഗങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. ഹിസ്ബുള്ള സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു.
അതേസമയം, ഗാസ തീരത്തുനിന്നുള്ള ഭീഷണികള്‍ നേരിടാൻ ഇസ്രയേല്‍ നാവികസേന ‘അയണ്‍ വാള്’ എന്ന പേരില്‍ പുതിയ തീരദേശ പ്രതിരോധ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തെക്കൻ ലബനനില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ മറ്റ് ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 11 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.




