ജനപ്രതിനിധികൾ മാന്യവും ഹിതകരവും കുലീനവുമായ ഭാഷ ഉപയോഗിക്കണം.

അഡ്വ. ചാര്‍ളി പോള്‍
(ട്രെയ്‌നര്‍, മെന്റര്‍)
8075789768

ജനാധിപത്യപരവും ഭരണഘടനാപരവുമായ പദവികൾ വഹിക്കുന്നവർ സ്വന്തം നിലയും വിലയും തിരിച്ചറിഞ്ഞ് വേണം പ്രതികരണം നടത്താൻ. അല്ലെങ്കിൽ അത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തും. പിന്നീട് പദവികൾ തന്നെ നഷ്ടമായെന്നും വരാം. ഖേദം പ്രകടിപ്പിച്ചാലും അതിൻ്റെ മുറിവും കയ്പും നിലനില്ക്കും.

കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ദിവസം പാലക്കാട്ട് മന്ത്രി സി.പി. ജോൺ നടത്തിയ പ്രസംഗമാണ് ഒടുവിൽ വിവാദം ആയത്.പ്രിയദർശിനി സൗജന്യ യാത്ര ഉപയോഗിക്കുന്ന സ്ത്രീകളെ അവഹേളിച്ചെന്നാരോപിച്ച് വ്യാപക വിമർശനം ഉയരുകയും മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഫലപ്രദമല്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി കെ .മുരളീധരൻ നല്കിയ മറുപടിയും വിവാദമായിരുന്നു. ഈ വാക്കുകൾക്കെതിരെ മത്സ്യത്തൊഴിൽ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ രണ്ട് മന്ത്രിമാരും അന്തസ്സുള്ള ഭാഷയും രാഷ്ട്രീയ മര്യാദയും പുലർത്തിയിട്ടുള്ളവരാണ്. ഓർക്കുക,എപ്പോൾ വേണമെങ്കിലും നാക്കുപിഴ സംഭവിക്കാം; വാക്കുകൾക്ക് വഴി തെറ്റാം

കേരള രാഷ്ട്രീയത്തിൽ നാക്കുപിഴയും അനുചിത പ്രയോഗങ്ങളും പരിഹാസവും മുള്ളുവാക്കുകളും പലവട്ടം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ജി.സുധാകരനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ “ചെറ്റത്തരം ” എന്ന പ്രയോഗവും രേവന്ത് റെഡ്ഢിയെ “ഡാഷ് മോൻ” എന്ന് വിശേഷിപ്പിച്ചതും സംശയം ചോദിച്ച പാർട്ടിക്കാരനോട് “വീട്ടിൽ പോയി ചോദിച്ചാൽ മതി “എന്ന മറുപടിയും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ശക്തമായ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു.

2014 ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് വരെ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആർ.എസ്.പി. യുഡിഎഫിലേക്ക് പോയതോടെ സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എൻ .കെ പ്രേമചന്ദ്രനെ “പരനാറി ” എന്ന് വിശേഷിപ്പിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ ഈ പ്രയോഗം വലിയ ചർച്ചയായി. പ്രേമ ചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം സ്ഥാനാർത്ഥിയായിരുന്ന എം.എ ബേബിക്ക് വമ്പൻ തോൽവി നേരിടേണ്ടി വന്നു.

2019ലെ അരൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അന്ന് സിപിഎം നേതാവായിരുന്ന നേതാവായിരുന്ന ജി. സുധാകരൻ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ “പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ലിത് ” എന്ന് പരാമർശം നടത്തിയിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി 2016ൽ കൊട്ടാരക്കരയിൽ നടത്തിയ പ്രസംഗത്തിൽ പിണറായി വിജയൻ ഭീകര രൂപിയാണെന്ന് അധിക്ഷേപിച്ചു. വിവാദം കത്തിയയോടെ കോൺഗ്രസ് കൊടുക്കുന്നിലിൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞു.
ആലത്തൂരിലെ ലോകസഭാ സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ സിപിഎം നേതാവ് എ. വിജയരാഘവൻ ഗൂഢാർത്ഥത്തിൽ പറഞ്ഞു; “ആലത്തൂരിലെ സ്ഥാനാർത്ഥി, പെൺകുട്ടി പി.കെ. കുഞ്ഞാലി കുട്ടിയെ കാണാൻ പോയിരുന്നു. അതിനാൽ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാനാകില്ല “.

പ്രസംഗിച്ചു വിവാദത്തിൽപ്പെട്ട ശേഷം തിരുത്തിയും തിരുത്താതെയും വാർത്തകളിൽ നിറയുകയും ഭരണഘടനയെ ആക്ഷേപിച്ചെന്ന പേരിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരികയും ചെയ്ത ആളാണ് മുൻമന്ത്രി സജി ചെറിയാൻ.ക്രൈസ്തവ മതമേലധ്യക്ഷന്മാരെ പരിഹസിച്ചതും “സൗദിയിൽ മുസ്ലിം പള്ളികളിലെ ബാങ്ക് വിളി പുറത്തു കേട്ടാൽ വിവരമറിയും ” എന്ന പരാമർശവും മന്ത്രിക്ക് തിരുത്തേണ്ടി വന്നു.ഒടുവിൽ ഭരണഘടന വിമർശന പ്രസംഗത്തിൽ “മതേതരത്വം,
ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നൊക്കെ ഭരണഘടനയുടെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷെ ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായ എഴുതിവെച്ച ഭരണഘടനയാണിത്. ” എന്ന പരാമർശത്തെ തുടർന്ന് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു.

നികൃഷ്ട ജീവി, കുലംകുത്തി , കാലുവാരി , കുതികാൽവെട്ടി, കോടാലി , പാഷാണത്തിൽ കൃമി, നാറി , പരമനാറി, പിതൃശൂന്യൻ, (തന്തയില്ലാത്തവൻ) ശുംഭൻ ,ചെറ്റ , കോന്തൻ, തെമ്മാടി, കഴിവുകെട്ടവൻ, കോപ്പൻ, മറ്റേപ്പണി, തെണ്ടിത്തരം, ഒലത്തി, പുളുത്തി, ഊളമ്പാറക്ക് വിടണം, പുണ്ണാക്ക്, കൈ വെട്ടും, കാൽ തല്ലിയൊടിക്കും , വീട്ടുകാർ വിവരമറിയും, കയ്യും കാലും വെട്ടണം , ഓഫീസിൽ കയറി കൈകാര്യം ചെയ്യും , നേരിട്ട് അടികൊടുക്കും , ഒരുമാതിരി സൂക്കേടാണ്, കാട്ടിലായിരുന്നു പണി, സകല പരിപാടിയും നടന്നു….. ഇതെല്ലാം ഓരോ കാലഘട്ടങ്ങളിൽ ഭരണാധികാരികളുടെ നാവിൽ നിന്ന് വന്ന വർത്തമാനങ്ങളാണ്. അമാന്യവും അശ്ലീലദ്യോതകവും ഭീഷണി നിറഞ്ഞതുമാണീ പ്രയോഗങ്ങൾ. വൈയക്തിക ശുദ്ധിയെയും മനുഷ്യൻ്റെ അന്തസ്സിനെയും അവഹേളിക്കുന്ന ഈ ഭാഷാപ്രയോഗങ്ങളും കൈമുദ്രകളും അഹങ്കാരവും അഹന്തയും അശ്ലീലവും നിറഞ്ഞവയാണ് .വാക്കുകളിലൂടെ വിസർജ്യം വർഷിക്കുകയാണിവിടെ. നില മറന്നുള്ള അധികാര ഉന്മാദത്തിൻ്റെയും അഹംബോധത്തിൻ്റെയും ഈ ആഘോഷത്തിൽ നിന്ദിക്കപ്പെടുകയാണ് പാവം കേരളീയ ജനത.

അധികാര ഭാഷയിൽ അഹങ്കാരം, അഹന്ത, പരിഹാസം, നിന്ദ, പുച്ഛം ,അശ്ലീലം, വിടുവായത്തം,
ദ്വയാർത്ഥ പ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത് . ഫലം നിറയും തോറും വൃക്ഷത്തിൻ്റെ കൊമ്പുകൾ താഴ്ന്നു വരുമെന്നതുപോലെ ഉന്നതിലെത്തുമ്പോൾ കൂടുതൽ വിനയാന്വിതരാവുകയാണ് വേണ്ടത്. സ്ഥാനത്തിന്റെ വലിപ്പവും സമൂഹത്തിൻ്റെ അന്തസ്സും ജീവിതത്തിൻ്റെ പക്വതയും ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകൾ അധികാരികൾ പുലർത്തണം. മര്യാദയും ആദരവുമില്ലാത്ത സ്നേഹ രഹിതമായ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്.

കനൽ ഒരു തരി മതി എന്നു പറഞ്ഞ പോലെ കഴിഞ്ഞ 2026 മെയ് 15 ന് കേസിനിടെ സുപ്രീം കോട ചീഫ് ജസ്റ്റീസ് സൂര്യകാന്ത് യുവജനങ്ങൾ തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന പാറ്റകളെ പ്പോലെയാണെന്നും അവർ പൊതു സമൂഹത്തിലെ ഇത്തിക്കണ്ണികളും പരാന്ന ജീവികളുമാണെന്ന പരിഹാസമാണ് കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച ഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് വഴി മരുന്നിട്ടത്. ചീഫ് ജസ്റ്റീസ് പിന്നീട് തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വിശദീകരിച്ചെങ്കിലും അതിനകം പാറ്റാപ്പാർട്ടി ഹിറ്റായി , ചരിത്രം കുറിച്ചു.

ഞാൻ ഇറങ്ങി വന്നത് പച്ചക്കറിക്കടയിൽ നിന്നല്ല; പട്ടാളത്തിൽ നിന്നാണ് എന്ന മേജർ രവിയുടെ പരിഹാസവും പച്ചക്കറിക്കാരുടെ പ്രതിഷേധത്തിനിടയാക്കി. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗമാണ് മറ്റുള്ളവരോടുള്ള ബഹുമാനം. ആരും പൊതു സൂഹത്തിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. സംസ്കാരം എന്ന വാക്കിന് “അപരനെ കുറിച്ചുള്ള കരുതൽ ” എന്നാണ് അർത്ഥം. പൊതു വേദികളിൽ പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിൻ്റെ കയ്യൊപ്പുണ്ടാവണം . വാവിട്ട വാക്കുകളും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ലെന്ന തിരിച്ചറിവോടെ ആലോചിച്ചും സൂക്ഷിച്ചും കരുതലോടെയുമാകണം സംഭാഷണങ്ങൾ.

എം. എൻ. കാരാശ്ശേരി മാഷ് പറഞ്ഞു; “ഒരാൾ എന്നത് അയാളുടെ ഭാഷയാകുന്നു.” ഒരാളുടെ സംസാരത്തിലൂടെ പുറത്ത് വരുന്നത് അയാളുടെ സംസ്കാരമാണ്. പറയുന്ന വാക്കിനോടൊപ്പം സ്വഭാവം കൂടിയാണ് പ്രകടമാകുന്നത്. സംസാരം , പെരുമാറ്റം, മനോഭാവം എന്നിവയാണ് ഒരു വ്യക്തിയെ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയാക്കുന്നത്.

ഭരണാധികാരി കൾ മാന്യവും ഹിതകരവും കുലീനവുമായ ഭാഷ ഉപയോഗിക്കണം. വിവരവും വിവേകവും കുലീന പെരുമാറ്റവും അധികാരസ്ഥാനത്തിലിരിക്കുന്നവരിൽ ഉണ്ടാവണമെന്ന് കേരളീയ ജനത ആഗ്രഹിക്കുന്നു. “വായിൽ തോന്നുന്നത് കോതക്ക് പാട്ട് ” എന്ന രീതി ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.

ജനങ്ങളുമായി സംവദിക്കുമ്പോൾ സൂക്ഷ്മതയും കരുതലും വേണമെന്നും ഇതു എല്ലാവർക്കും ബാധകമാണെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ ബേബി ഈയിടെ പറഞ്ഞു. ആരായാലും എന്തിൻ്റെ പേരിലായാലും ഓരോരുത്തരുടെയും നാവിൽ നിന്ന് വരുന്ന വാക്കുകൾക്ക് മൂല്യബോധത്തിൻ്റെ കയ്യൊപ്പുണ്ടാവണം. നാവിൻ്റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകൾ സ്വന്തം മൂല്യമാണ് കുറയ്ക്കുന്നത്. നാവിന് മുന്നിൽ ഒരു അരിപ്പ നിർമ്മിക്കാം. നല്ല വാക്കോതുവാൻ ഏവർക്കും ത്രാണിയുണ്ടാകട്ടെ.

(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ , കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്. 8075789768)

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി