ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ 7 തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 13 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ബാക്കിയുള്ള രണ്ട് പേരുടെ വിവരം ഇപ്പോൾ ലഭ്യമല്ല. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.




