വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ, ഡൊണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേഷ്ടാക്കളോട് സ്വകാര്യമായി വ്യക്തമാക്കിയതായി റിപ്പോർട്ട്. നിലവിൽ പരിഗണിക്കുന്ന സൈനിക നടപടികൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നുമുള്ള വിലയിരുത്തൽ കെയ്ൻ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്.
ഈ വിവരങ്ങൾ അറിയുന്ന പേര് വെളിപ്പെടുത്താത്ത മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുദ്ധം നിർണായക ഘട്ടത്തിലെത്തിയെന്ന അഭിപ്രായം ജനറൽ ഡാൻ കെയ്ന് മാത്രമല്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകളും യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയ പ്രധാന കാബിനറ്റ് അംഗങ്ങളുമായി കെയ്ൻ ചർച്ച ചെയ്തതായാണ് രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ സമാന നിലപാടുള്ള ചില ഉന്നത ഉപദേഷ്ടാക്കളുമായി കെയ്ൻ അടുത്തിടെ പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്ക് മുമ്പ് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയും എല്ലാവരും ഒരേ നിലപാടിലാണെന്ന് ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം.
അമേരിക്കൻ സൈനികരെ ഇറാനിലേക്ക് അയക്കാതെ നടപ്പാക്കാവുന്ന നടപടികൾ ഉൾപ്പെടെ നിലവിലുള്ള സൈനിക ഓപ്ഷനുകളുടെ പരിമിതികളും അതിൽനിന്നുണ്ടാകാവുന്ന തിരിച്ചടികളും വ്യക്തമാക്കാനായിരുന്നു ശ്രമമെന്നും വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
ഇറാനെതിരായ നടപടി ശക്തമാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയെക്കുറിച്ച് ജൂലൈ അവസാനമാണ് ഡാൻ കെയ്നും കെയ്‌നും ട്രംപ് ഭരണകൂടത്തിലെ പ്രധാനികളും ആശങ്ക പ്രകടിപ്പിച്ചതെന്നാണ് വിവരം. സംഘർഷം രൂക്ഷമാക്കിയാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളായിരുന്നു പ്രധാന ആശങ്ക. അതേസമയം “വൻതോതിലുള്ള” സൈനിക നടപടി അനുവദിക്കാൻ ട്രംപ് ആദ്യം തയ്യാറായിരുന്നുവെന്നാണ് പറയുന്നു. ഓപ്പറേഷനെ അനുകൂലിച്ചത് സെൻട്രൽ കമാൻഡിലെ ചില വിഭാഗങ്ങൾ മാത്രമായിരുന്നുവെന്നും വിഷയവുമായി ബന്ധപ്പെട്ട ഒരു വൃത്തത്തെ ഉദ്ധരിച്ചുകൊണ്ടുള്ളതായാണ് വിവരം. എന്നാൽ പദ്ധതിയുടെ സൈനിക വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംഘർഷം രൂക്ഷമാക്കാനുള്ള നീക്കത്തെ ഇസ്രയേലും പൊതുവെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയതായെന്നും പറയപ്പെടുന്നുണ്ട്.
എന്നാൽ മധ്യപൂർവദേശത്തെ സഖ്യരാജ്യങ്ങളുമായി സംസാരിച്ചതിന് പിന്നാലെ ട്രംപ് ആക്രമണപദ്ധതിയിൽ നിന്ന് പിന്നോട്ടുപോയെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ തിരിച്ചടിച്ചേക്കുമെന്നായിരുന്നു സഖ്യരാജ്യങ്ങളുടെ ആശങ്ക. പ്രത്യേകിച്ച് അവരുടെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അവർ ഭയന്നത്. ഇക്കാര്യം ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് സ്ഥിരീകരിച്ചുവെന്നാണ് പറയപ്പെടുന്നു . അതേസമയം ഭാവിയിൽ ആക്രമണം നടത്താനുള്ള സാധ്യത ട്രംപ് പൂർണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.




