കൊൽക്കത്ത: കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കാൻ പിതാവിന് സ്വന്തം ഇഷ്ടപ്രകാരം ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് (FD) തുടങ്ങാമെങ്കിലും, അതിനെ പ്രതിമാസ ജീവനാംശത്തിന് പകരം വെക്കാനോ, ജീവനാംശം നൽകുന്നതിനൊപ്പം ഫിക്സഡ് ഡെപ്പോസിറ്റും നിർബന്ധമായി തുടരാൻ ഭർത്താവിനോട് ആവശ്യപ്പെടാനോ കഴിയില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് ചൈതാലി ചാറ്റർജി ദാസിന്റെതാണ് ഈ സുപ്രധാന വിധി.
ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കുകയും, കുട്ടിക്ക് പ്രതിമാസ ജീവനാംശത്തിന് പകരം 11 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാൻ നിർദ്ദേശിക്കുകയും ചെയ്ത പശ്ചിമ ബംഗാളിലെ കല്യാണി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഭാര്യ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെന്നും (MBA, PGDM) ഭർത്താവിന്റേതിന് തുല്യമായ വരുമാനം ഉള്ളയാളാണെന്നും കണ്ടെത്തിയ സാഹചര്യത്തിൽ, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ച മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. എന്നാൽ പ്രതിമാസ ജീവനാംശത്തിന് പകരമായി ഫിക്സഡ് ഡെപ്പോസിറ്റ് നൽകാൻ ഉത്തരവിട്ട നടപടി തെറ്റാണെന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ‘രജ്നേഷ് വി. നേഹ’ കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ്, ഫിക്സഡ് ഡെപ്പോസിറ്റ് ജീവനാംശത്തിന് പകരമാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.
തുടർന്ന്, 11 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നൽകണമെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, കുട്ടിയുടെ വളർച്ചയ്ക്കുള്ള യഥാർത്ഥ ചെലവ് രേഖകൾ ഹാജരാക്കാൻ ഭാര്യയോട് നിർദ്ദേശിക്കുകയും മൂന്ന് മാസത്തിനകം കുട്ടിയുടെ ജീവനാംശം സംബന്ധിച്ച് പുതിയ ഉത്തരവിറക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
പുതിയ ഉത്തരവ് വരുന്നതുവരെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ തുക കുട്ടിയുടെ ആവശ്യങ്ങൾക്കായി ഭാര്യയ്ക്ക് പിൻവലിക്കാമെന്നും, മാസം തോറുമുള്ള ജീവനാംശം നൽകാൻ ഉത്തരവിട്ടാൽ ഭർത്താവിന് വേണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ക്ലോസ് ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി.




