തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് തീരുമാനം.
പ്രതികളായ കെഎസ്‌യു പ്രവർത്തകർ നല്‍കിയ പരാതിയിലാണ് സർക്കാരിന്റെ തീരുമാനം. എസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി നിർദേശം നല്‍കികഴിഞ്ഞു.
ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ വീണാ ജോജിനെതിരായ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു വിവാദസംഭവം. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന് മുന്നില്‍വച്ച് കെഎസ്‌യു പ്രവർത്തകരും വീണാ ജോർജിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ടിരുന്നു. രാത്രിയോടെ വിശദമായ പരിശോധനകള്‍ക്കായി മന്ത്രിയെ പരിയാരം ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റുചെയ്ത അഞ്ച് കെഎസ്‌യു പ്രവർത്തകരെ ടൗണ്‍ പൊലീസിന് കൈമാറി. തുടർന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടാഴ്ച കഴിഞ്ഞാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തുടക്കത്തില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു വീണാ ജോർജിന്റെ ഗണ്‍മാന്റെ പരാതി. എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നായിരുന്നു വീണാ ജോർജിന്റെ മൊഴി.




