തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഏഴ് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. മലപ്പുറത്തുതന്നെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും മരിച്ചു.
നാളെയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം ഉറപ്പാക്കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴ കാരണം ഇന്ന് പിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചു. കനത്ത മഴ കാരണം ഇന്ന് പലര്‍ക്കും പിഎസ്സി പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. ഓഗസ്റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കാം.
ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലും വിനോദ സഞ്ചാരത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ വിനോദ സഞ്ചാരികള്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പൊതു പരീക്ഷകള്‍ക്കെത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല.
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി 1.50 മീറ്റര്‍ വരെ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കിവിടും. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ ജലനിരപ്പ് ഉയരും. നിലവില്‍ കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. കല്ലാര്‍ ഡാമും ഉടന്‍ തുറക്കും.
ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും നിരോധിച്ചു. ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും നിരോധിച്ചു. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മലയോര മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു. എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.




