കോർക്ക് (അയർലൻഡ്): എബനേസർ വർഷിപ്പ് സെന്റർ, കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഫാമിലി കോൺഫറൻസ് 2026 ഓഗസ്റ്റ് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ ബാൻഡനിലെ ഫെയ്ത് മിഷൻ ക്യാമ്പ് സെന്ററിൽ നടക്കും.
രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ പകൽ സമ്മേളനങ്ങളും രാത്രി 7.00 മുതൽ 10.00 വരെ സായാഹ്ന യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ ദൈവദാസന്മാരായ പാസ്റ്റർ ജെഫി ജോർജ്, പാസ്റ്റർ സിബി മാത്യു എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകും.
തലമുറകൾ തമ്മിലുള്ള ആശയവിനിമയ വിടവുകൾ നികത്തി മാതാപിതാക്കളെയും യുവതലമുറയെയും പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും കോർത്തിണക്കുകയും, പ്രാർത്ഥനയുടെയും പരിശുദ്ധാത്മശക്തിയുടെയും അടിസ്ഥാനത്തിൽ വിശ്വാസജീവിതം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യം. അപ്പോസ്തലിക പ്രമാണങ്ങളിലും ക്രൈസ്തവ മൂല്യങ്ങളിലും അധിഷ്ഠിതമായ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനും അടുത്ത തലമുറയെ ദൈവിക ദർശനത്തിൽ വളർത്തിയെടുക്കുന്നതിനും സഹായകമായ വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും.
കുടുംബങ്ങൾ, കൗമാരപ്രായക്കാർ, ബാച്ചിലേഴ്സ് എന്നിവർക്ക് പ്രത്യേകം പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ട്.
പാസ്റ്റർ കെ. പി. ബിജുമോന്റെയും പാസ്റ്റർ എം. എം. തോമസിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
എല്ലാവരെയും ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സഭാ നേതൃത്വവുമായി ബന്ധപ്പെടാവുന്നതാണ്.




