ന്യൂഡല്‍ഹി: സിക്കിമിലെ നാംചിയില്‍ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 20 ആയി ഉയർന്നു.
അപകടസമയത്ത് തുരങ്കത്തിനുള്ളില്‍ ആകെ 27 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇതുവരെ 20 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ കാണാതായ ഏഴ് പേരില്‍ ഒരാള്‍ മലയാളി ജിയോളജിസ്റ്റാണെന്നുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നു. കോട്ടയം മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) അപകടത്തെ തുടർന്ന് കാണാതായത്. നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷനില്‍ (NHPC) റിമോട്ട് സെൻസിങ് വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
അപകടവിവരമറിഞ്ഞ് ദുബായിയിലായിരുന്ന സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ മറ്റുള്ളവർക്കായുള്ള ഊർജിതമായ രക്ഷാപ്രവർത്തനം സിക്കിമില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




