​കുഞ്ഞിന് യാത്ര നിഷേധിച്ചു; ഖത്തർ എയർവേയ്‌സിന് 10 ലക്ഷം രൂപ പിഴ ചുമത്തി കേരള ഉപഭോക്തൃ കമ്മീഷൻ

(CC News ,സ്പെഷ്യല്‍ കറസ്പോണ്ടന്റ്)

ഇറ്റലിയിലേക്ക് മടങ്ങാനിരുന്ന പ്രവാസി ദമ്പതികളുടെ കൊച്ചുകുഞ്ഞുങ്ങൾക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സിന് (Qatar Airways) 10 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതികൾക്കുമെതിരെ ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

​ഇറ്റലിയിൽ ജോലിയുള്ള മലയാളി ദമ്പതികൾ തങ്ങളുടെ രണ്ട് കൊച്ചുകുട്ടികളുമായി നാട്ടിലേക്ക് വരാൻ ഖത്തർ എയർവേയ്‌സ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വെനീസിൽ നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള യാത്രയിൽ ഇവരുടെ രേഖകൾ പരിശോധിച്ച് ബോർഡിംഗ് പാസ് നൽകിയ വിമാനക്കമ്പനി, യാതൊരു തടസ്സവുമില്ലാതെ അവരെ നാട്ടിലെത്തിച്ചു. എന്നാൽ 2018 ഡിസംബർ 3-ന് തിരികെ ഇറ്റലിയിലേക്ക് മടങ്ങാനായി കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

കൊച്ചിയിൽ രണ്ടര മണിക്കൂറിലധികം കാത്തിരിപ്പിന് ശേഷം, മൂത്ത കുട്ടിക്ക് സ്വതന്ത്രമായ ഇറ്റാലിയൻ വിസയില്ലെന്ന് ആരോപിച്ച് എയർലൈൻ ബോർഡിംഗ് നിഷേധിച്ചു.

ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ മൂത്ത കുട്ടിയെ നാട്ടിലെ ബന്ധുക്കളുടെ അടുക്കൽ ഏൽപ്പിച്ച് ദമ്പതികൾ ചെറിയ കുഞ്ഞുമായി യാത്ര തുടർന്നു. എന്നാൽ യാത്രയ്ക്കിടയിലെ ഇടത്താവളമായ ദോഹയിലെത്തിയപ്പോൾ, ഇളയ കുഞ്ഞിനും ആവശ്യമായ യാത്രാരേഖകളില്ലെന്ന് പറഞ്ഞ് എയർലൈൻ വീണ്ടും തടസ്സമുന്നയിച്ചു. 10 മണിക്കൂർ നേരം കാത്തിരിന്ന ശേഷമാണ് മുലകുടി മാറാത്ത ആ കുഞ്ഞിനും യാത്രാനുമതി നിഷേധിച്ചത്.

​ഒടുവിൽ അമ്മ തനിയെ ഇറ്റലിയിലേക്ക് പോവുകയും, അച്ഛൻ കുഞ്ഞുമായി കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് അച്ഛൻ മൂത്ത കുട്ടിക്ക് പ്രത്യേകം വിസ സംഘടിപ്പിച്ച് ഇറ്റലിയിലെത്തിച്ചെങ്കിലും, ചെറിയ കുഞ്ഞിനെ പിന്നീട് കൊണ്ടുപോകുന്നത് വരെ നാട്ടിലെ ബന്ധുക്കളെ ഏൽപ്പിക്കേണ്ടി വന്നു.

​യാത്രക്കാരന് ലക്ഷ്യസ്ഥാനത്തേക്കും ട്രാൻസിറ്റ് രാജ്യങ്ങളിലേക്കും ആവശ്യമായ സാധുതയുള്ള വിസയും യാത്രാരേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യാത്രക്കാരനുതന്നെയാണെന്നാണ് ഖത്തർ എയർവേയ്‌സ് വാദിച്ചത്. എന്നാൽ വരുന്ന വഴിയിൽ അംഗീകരിച്ച അതേ യാത്രാരേഖകൾ വച്ച് തിരികെ യാത്ര ചെയ്യുമ്പോൾ കുഞ്ഞിന് ബോർഡിംഗ് നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ മുലകുടി മാറാത്ത കുഞ്ഞിനെപ്പോലും നാട്ടിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന മാതാപിതാക്കളുടെ മാനസിക വിഷമവും കഷ്ടപ്പാടുകളും എയർലൈൻസിന്റെ തെറ്റായ നടപടിയുടെ നേരിട്ടുള്ള ഫലമാണെന്നും കോടതി വ്യക്തമാക്കി.

​ദമ്പതികൾക്കുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും 45 ദിവസത്തിനകം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ പരാതി നൽകിയ തീയതി മുതൽ തുക ലഭിക്കുന്നത് വരെ വർഷത്തിൽ 9% പലിശ നൽകേണ്ടി വരുമെന്നും വിധിയിൽ പറയുന്നു.

പോകുന്ന യാത്രയിൽ ഒരു യാത്രക്കാരന്റെ, യാത്രാരേഖകൾ അംഗീകരിച്ച് യാത്ര അനുവദിച്ച് കഴിഞ്ഞ്, അതേ രേഖകൾ വച്ച് തിരികെ യാത്ര ചെയ്യുമ്പോൾ ബോർഡിംഗ് നിഷേധിക്കാൻ വിമാനക്കമ്പനികൾക്ക് അവകാശമില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് കോടതി കേസ് അവസാനിപ്പിച്ചത്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ