ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്. കഴിഞ്ഞദിവസം സിജെപി പ്രവർത്തകർക്കെതിരേ നടന്ന പോലീസ് നടപടിക്കെതിരായി നടന്ന പ്രതിഷേധത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്.
അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി.
അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്.
സിജെപി പ്രതിഷേധത്തിനുനേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരം ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.




