ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന അക്രമി ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കിരൺദീപിന്റെ ഭർത്താവിനും പരിക്കേറ്റു. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വംശീയാക്രമണമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകൾക്ക് മുൻപാണ് കിരൺദീപ് കൗർ കുഞ്ഞിന് ജന്മം നൽകിയത്.
സംഭവത്തിൽ കേസെടുത്ത യുകെ പൊലീസ്, ഡാനിയൽ സീൻ ജെയിംസ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ജനലിലൂടെ പുറത്തേക്ക് ചാടിയതിനെ തുടർന്ന് പ്രതിക്കും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
രണ്ട് വർഷം മുൻപ് സ്റ്റുഡന്റ് വിസയിലാണ് കിരൺദീപ് യുകെയിലേക്ക് പോയത്. പഠനത്തിന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ച അവർ അവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. തങ്ങളുടെ കൃഷിഭൂമി മുഴുവൻ വിറ്റാണ് മാതാപിതാക്കളായ സുഖ്‌ദേവ് സിങ്ങും ബൽജീത് കൗറും കിരൺദീപിനെ യുകെയിലേക്ക് അയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മകളുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.




