ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസ്; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ ചുട്ടെരിച്ച കേസിൽ പ്രതി ദാരസിങ് ജയിൽ മോചിതനാവുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒഡിഷ സർക്കാർ ജയിൽമോചിതരാക്കുന്നവരിൽ ദാരാസിങ്ങിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

26 വർഷത്തിലേറെയായി താൻ ജയിലിലാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദാരാ സിങ്ങിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഓഗസ്ത് 19-ന് വാദം കേൾക്കും.

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപുർ ഗ്രാമത്തിൽവെച്ചാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പിനെയും ആറുവയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ വാഹനം വളയുകയും തീയിടുകയുമായിരുന്നു.

ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതി. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. കേസിലെ മറ്റൊരു പ്രതിയായിരുന്ന മഹേന്ദ്ര ഹെംബ്രമിനെ 25 വർഷത്തെ ജയിൽവാസത്തിന് ശേഷം 2025 ഏപ്രിലിൽ മോചിപ്പിച്ചിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും