ഉത്തർപ്രദേശ്: കടയിൽ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. കുപ്പിവെള്ളത്തിന് പകരം നല്കിയത് ആസിഡാണെന്നാണ് റിപ്പോർട്ട്.
കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യു.പിയിലെ ഹാപൂരിലെ കടയിൽ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങി കുടിച്ചത്.
സ്വർണ്ണക്കടയിലെത്തിയതായിരുന്നു യുവതിയും അമ്മയും. ദാഹം തോന്നിയപ്പോള് ഇവര് കടക്കാരനോട് കുടിക്കാന് വെള്ളം ചോദിച്ചു. ജ്വല്ലറിയിൽ വെള്ളം ഇല്ലാതിരുന്നതിനാൽ, തൊട്ടടുത്തുള്ള കടയിലെ ഡീപ് ഫ്രീസറിൽ നിന്ന് തണുപ്പിച്ച, സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി നല്കി.
സീൽ ചെയ്ത മിനറൽ വാട്ടറെന്ന് പറഞ്ഞ് നല്കിയ വെള്ളത്തിലാണ് മാരകമായ ആസിഡുണ്ടായിരുന്നത്.
പിന്നീട് നാവും തൊണ്ടയും ആമാശയവും പൊള്ളിയ യുവതി രക്തം ഛർദ്ദിക്കുകയായിരുന്നു. നില അതീവ ഗുരുതരമായതിനെ തുടർന്ന് ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഹാപൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




